സബ് രജിസ്ട്രാർ ഓഫീസുകളിൽ വ്യാപക ക്രമക്കേട്, ആധാരമെഴുത്തുകാരിൽ നിന്ന് ഗൂഗിൾപേ വഴി പണം വാങ്ങി, കടം വാങ്ങിയതെന്ന് വിശദീകരണം

Saturday 09 August 2025 1:32 AM IST

തൊടുപുഴ: വിജിലൻസിന്റെ നേതൃത്വത്തിൽ ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ പരക്കെ ക്രമക്കേട് കണ്ടെത്തി. ജില്ലയിലെ രണ്ട് സബ് രജിസ്ട്രാർ ഓഫീസുകളിലെ ജീവനക്കാർ ആധാരം എഴുത്തുകാരിൽ നിന്ന് പണം വാങ്ങിയതായി കണ്ടെത്തി. ദേവികുളത്ത് 91,000 രൂപയും ഉടുമ്പൻചോലയിൽ 15,000 രൂപയും ജീവനക്കാർ വാങ്ങിയതായാണ് വിവരം. ദേവികുളത്ത് ഒരു ക്ലർക്ക് രണ്ട് ആധാരമെഴുത്തുകാരിൽ നിന്നായി 50,000ന്റെയും 41000ന്റെയും രണ്ട് ഇടപാടുകളാണ് നടത്തിയത്. ഉടുമ്പൻചോലയിൽ ഓഫീസിലെ പ്യൂൺ മൂന്ന് തവണയായിട്ടാണ് 15,000 രൂപ കടം വാങ്ങിയിരിക്കുന്നത്. ഇടപാട് സംബന്ധിച്ച് വിജിലൻസ് ചോദ്യമുന്നയിച്ചപ്പോൾ അത്യാവശ്യത്തിനായി പണം 'മറിച്ച"താണെന്നായിരുന്നു വിശദീകരണം. എന്നാൽ ആധാരമെഴുത്തുകാരുമായി നടത്തിയ ഈ ഇടപാടിന്മേലുള്ള വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ കൂടുതൽ പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കാനാണ് വിജിലൻസ് തീരുമാനം. പീരുമേട് സബ് രജിസ്ട്രാർ ഓഫീസിലെ റാക്കിനുള്ളിൽ സൂക്ഷിച്ചിരുന്ന ഫയലുകൾക്കിടയിൽ 700 രൂപ കണ്ടെത്തി. പണം ഫയലിനുള്ളിൽ എങ്ങനെയെത്തിയെന്ന് മാത്രം ജീവനക്കാർക്ക് അറിയില്ല. ഇത് രജിസ്‌ട്രേഷനെത്തുന്നവർ സന്തോഷത്തിനായി നൽകിയ ചെറിയ പാരിതോഷികങ്ങൾ സുരക്ഷിതമായി സൂക്ഷിച്ചിരുന്നതാണെന്നാണ് സൂചന. ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നതിനൊപ്പം ആരെങ്കിലും പരാതിയുമായി സമീപിച്ചാൽ കൂടുതൽ രേഖകൾ പരിശോധിക്കാനും തീരുമാനമുണ്ട്. ഇതിന് പുറമേ വില കുറച്ച് ആധാരം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ പരിശോധന നടത്തും. 'ഓപ്പറേഷൻ സെക്വർ ലാൻഡ് " എന്ന പേരിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻ ബ്യൂറോ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായിട്ടാണ് ജില്ലയിലെ നാല് സബ് രജിസ്ട്രാർ ഓഫീസുകളിലെത്തിയത്. തൊടുപുഴ, പീരുമേട്, ഉടുമ്പൻചോല, ദേവികുളം എന്നിവിടങ്ങളിലായിരുന്നു മിന്നൽ പരിശോധന. വിജിലൻസ് ഡിവൈ.എസ്.പി ഷാജു ജോസിന്റെ മേൽനോട്ടത്തിൽ വിവിധയിടങ്ങളിൽ ഇൻസ്‌പെക്ടർമാരായ ഷിന്റോ പി. കുര്യൻ, ബിൻസ് ജോസഫ്, ജോബിൻ ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

തൊടുപുഴ സബ് രജിസ്ട്രാർ സ്ഥലം വാങ്ങിയത് അന്വേഷിക്കുന്നു തൊടുപുഴ സബ് രജിസ്ട്രാർ ദേവികുളം താലൂക്കിലെ കീഴാന്തൂർ വില്ലേജിൽ 70 സെന്റ് സ്ഥലം അനധികൃതമായി വാങ്ങിയെന്ന് വിവരം ലഭിച്ചതിനെ തുട‌ർന്ന് അന്വേഷണം നടന്നുവരികയാണ്. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം അഞ്ച് വർഷക്കാലം ജോലി ചെയ്തിരുന്നത് ദേവികുളം സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു. നിലവിൽ തൊടുപുഴയാണെങ്കിലും മുമ്പ് ജോലി ചെയ്യുന്ന സ്ഥല പരിധിയിൽ സ്വത്ത് സമ്പാദിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇത് അനധികൃത സമ്പാദ്യമാണെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും പേരിലാണ് ഇവിടെ ഭൂമിയുള്ളത്. ജോലി ചെയ്തിരുന്ന ഓഫീസ് പരിധിയിൽ തന്നെ ഇത്രയധികം സ്ഥലം വാങ്ങിയത് എന്തിനാണെന്നും ഇത് നിയമാനുസൃതമാണോയെന്നും വിജിലൻസ് പരിശോധിക്കും.