അടിമാലി താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി ഒ.പി നീക്കം അട്ടിമറിക്കപ്പെട്ടെന്ന് യു.ഡി.എഫ്

Saturday 09 August 2025 1:35 AM IST

അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി ഒ.പി വിഭാഗം പ്രവർത്തനമാരംഭിക്കാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടെന്ന ആരോപണവുമായി അടിമാലി ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതിയംഗങ്ങൾ രംഗത്ത്. അടിമാലി താലൂക്കാശുപത്രിയിൽ ഹൃദയ സംബന്ധമായ ചികിത്സ ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഹൈറേഞ്ച് മേഖലയിലെ ആളുകൾക്ക് പ്രതീക്ഷ നൽകിയായിരുന്നു ബുധനാഴ്ച അടിമാലി താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി ഒ.പി വിഭാഗം പ്രവർത്തന സജ്ജമാക്കുന്നത് സംബന്ധിച്ച ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ് ഇറങ്ങിയത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം ജൂനിയർ കൺസൾട്ടന്റിനെ ആഴ്ചയിൽ ഒരു ദിവസം അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി നിയമിച്ച് കാർഡിയോളജി ഒ.പി വിഭാഗം പ്രവർത്തനമാരംഭിക്കുന്ന വിധമായിരുന്നു ക്രമീകരണം ഒരുക്കിയിരുന്നത്. എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ ഈ ഉത്തരവ് അട്ടിമറിക്കപ്പെട്ടെന്നാണ് അടിമാലി ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതിയംഗങ്ങളുടെ ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് അടിമാലി ബ്ലോക്ക് പഞ്ചായത്ത് യു.ഡി. എഫ് ഭരണ സമിതിയംഗങ്ങളുടെ നേതൃത്വത്തിൽ അടിമാലി താലൂക്കാശുപത്രിക്ക് മുമ്പിൽ പ്രതിഷേധിച്ചു. കാർഡിയാക് ചികിത്സയുമായി ബന്ധപ്പെട്ടുള്ള എക്കോ, ടി.എം.ടി ഉൾപ്പെടെയുള്ള വിവിധ മെഷീനറികളും മറ്റും ആശുപത്രിയിൽ ലഭിച്ചിട്ടുണ്ടെങ്കിലും ഡോക്ടറെ നിയമിക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നില്ല. ഇതു സംബന്ധിച്ച് കഴിഞ്ഞ 14ന് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും 16ന് ആശുപത്രി സൂപ്രണ്ടും ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്തു നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കാർഡിയോളജി ഒ.പി വിഭാഗം പ്രവർത്തനമാരംഭിക്കുന്നത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. ഹൃദയ സംബന്ധമായ ചികിത്സാ ആവശ്യങ്ങൾക്ക് നിലവിൽ ഹൈറേഞ്ചിൽ നിന്നുള്ള രോഗികൾക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നതിന് 150 കിലോമീറ്റർ ദൂരത്തുള്ള കോട്ടയം മെഡിക്കൽ കോളേജിൽ എത്തേണ്ട സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലായിരുന്നു കാർഡിയോളജി ഒ പി വിഭാഗം പ്രവർത്തനമാരംഭിക്കുന്നത് സംബന്ധിച്ച ഉത്തരവിറങ്ങിയതും ആളുകൾ പ്രതിക്ഷയോടെ ഇതിനെ നോക്കി കണ്ടതും.