പുറമ്പോക്ക് ഭൂമി നാഥനില്ലാതാകുന്നു
പൂവാർ: പൂവാർ പഞ്ചായത്തിന്റെ 3,4,5 വാർഡുകളിലൂടെ ഒഴുകുന്ന മുട്ടയാർ സംരക്ഷിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കണ്ടെത്തിയ പുറമ്പോക്ക് ഭൂമി സംരക്ഷിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ. നെയ്യാറ്റിൻകര താലൂക്ക് ലാൻഡ് സർവേ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ മാസങ്ങളായി നടക്കുന്ന പുറമ്പോക്ക് കണ്ടെത്തലാണ് സമാപന ഘട്ടത്തിലേക്കെത്തുന്നത്. സർവേ പൂർത്തീകരിച്ച പ്രദേശങ്ങളിൽ കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനോ, നമ്പർ സ്ഥാപിച്ച്, വൃക്ഷങ്ങൾ കൈവശപ്പെടുത്തുന്നതിനോ പഞ്ചായത്ത് വിമുഖത കാട്ടുന്നതായാണ് ആരോപണം. കൈയേറ്റങ്ങൾ സ്വമേധയാ വിട്ടുനൽകണമെന്നാവശ്യപ്പെട്ട നോട്ടീസ് ഇതുവരെയും കൈയേറ്റക്കാർക്ക് നൽകിയിട്ടുമില്ല. തിട്ടപ്പെടുത്തിയ പുറമ്പോക്ക് ഭൂമിയിൽ നിന്ന് വൃക്ഷങ്ങൾ മുറിച്ചുകടത്തുന്നത് വ്യാപകമായിട്ടും നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മുട്ടയാറിന്റെ സംരക്ഷണം വൈകുന്നതിൽ പ്രദേശവാസികൾ ആശങ്കയിലായിരുന്നു. കൈയേറ്റവും മാലിന്യ നിക്ഷേപവും കാരണം നെയ്യാറിന്റെ കൈവഴിയായ മുട്ടയാർ ചീഞ്ഞുനാറുന്നു എന്ന കേരളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ മുട്ടയാർ സംരക്ഷണ സമിതി നടത്തിയ സർവേയിലാണ് പ്രദേശവാസികൾ നേരിടുന്ന ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളും പകർച്ചവ്യാധിഭീതിയും പുറത്തുവന്നത്.
നെയ്യാറിലും ബ്രേക്ക് വാട്ടറിലും നടക്കുന്ന ബോട്ട് സർവീസ് മുട്ടയാറിലെ പഴയാറ്റിൻകര വരെ നീട്ടുന്നതിനുള്ള പദ്ധതി തയ്യാറാക്കണമെന്നും മുട്ടയാർ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ജലജന്യരോഗങ്ങൾ പതിവ്
മുട്ടയാറിന്റെ പരിസരത്ത് 250ഓളം കുടുംബങ്ങളുണ്ട്. ഇവരുടെ കുടിവെള്ള സ്രോതസ് പ്രധാനമായും കിണറുകളായതിനാൽ ജലജന്യരോഗങ്ങൾ ഉണ്ടാകാറുണ്ട്. വസ്ത്രങ്ങൾ അലക്കാനും, കന്നുകാലികളെ കുളിപ്പിക്കാനും മുട്ടയാറിനെ ആശ്രയിക്കുന്നവർക്ക് വിട്ടുമാറാത്ത ത്വഗ് രോഗങ്ങളുണ്ടാകുന്നതായി സർവേയിൽ വെളിപ്പെടുത്തിയിരുന്നു. പ്രദേശമാകെ ദുർഗന്ധം വമിക്കുന്നതിനാൽ പ്രായമേറിയവർക്കും കുട്ടികൾക്കും ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
മുട്ടയാർ ശുദ്ധീകരിക്കണം
മഴക്കാലത്ത് മുട്ടയാറിൽ വെള്ളം കയറുമ്പോൾ സമീപത്തെ വീടുകളിലും വെള്ളം കയറും. കിണറുകൾ കവിഞ്ഞൊഴുകും. പ്രദേശമാകെ കുളവാഴയും പായലും നിറയും. ഒഴുക്ക് നിലച്ചതിനാൽ ആഴ്ചകളോളം മലിനജലം കെട്ടിക്കിടക്കും.50മീറ്ററോളം വീതിയുണ്ടായിരുന്ന മുട്ടയാർ ഇന്ന് പലസ്ഥലങ്ങളും 5 മീറ്ററായി ചുരുങ്ങിയിരുന്നു. അതിർത്തിയിൽ കല്ലുകൾ സ്ഥാപിച്ച് കൈയേറ്റം ഒഴിപ്പിക്കാൻ നടപടികൾ അവസാന ഘട്ടത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ മുട്ടയാർ മാലിന്യം നീക്കി ശുദ്ധീകരിക്കാനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.