മൊബൈൽ കടയുടെ പൂട്ട് തകർത്ത യുവാവ് അറസ്റ്റിൽ

Saturday 09 August 2025 2:00 AM IST

തൊടുപുഴ: അർദ്ധരാത്രിയിൽ തൊടുപുഴ നഗരത്തിൽ മൊബൈൽ കടയുടെ പൂട്ട് തകർത്ത യുവാവ് പൊലീസ് പിടിയിൽ. മണക്കാട് ചെമ്പകശേരിൽ വീട്ടിൽ വിഷ്ണു രാജേന്ദ്രനാണ് (36) അറസ്റ്റിലായത്. മണക്കാട് ജംഗ്ഷനിലുള്ള നാനോ മൊബൈൽസ് എന്ന സ്ഥാപനത്തിന്റെ മൂന്ന് പൂട്ടുകൾ വ്യഴാഴ്ച രാത്രിയിലാണ് ഇയാൾ തകർത്തത്. എന്നാൽ കടയിൽ കയറി സാധനങ്ങളൊന്നും മോഷ്ടിച്ചിട്ടില്ല. മൊബൈൽ ഫോൺ വാങ്ങാൻ ഇ.എം.ഐ എടുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തി ഇയാൾ തർക്കമുണ്ടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് രാത്രിയിൽ മദ്യപിച്ചെത്തി കടയുടെ പൂട്ട് തകർത്തതെന്ന് പ്രതി മൊഴി നൽകിയതായി തൊടുപുഴ പൊലീസ് പറഞ്ഞു. മോഷണ ശ്രമത്തിന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.