പ്രതികൾക്ക് ജയിലിലേക്ക് യാത്രയയപ്പ്; അണികളോട് വിശദീകരിക്കാൻ സി.പി.എം
കണ്ണൂർ: രാജ്യസഭാ എം.പിയും ബി.ജെ.പി. സംസ്ഥാന ഉപാദ്ധ്യക്ഷനുമായ സി. സദാനന്ദന്റെ കാലുവെട്ടിയ കേസിൽ രാഷ്ട്രീയ വിശദീകരണ യോഗവുമായി സി.പി.എം. തിങ്കളാഴ്ച മട്ടന്നൂർ ഉരുവച്ചാലിലാണ് യോഗം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജനാണ് യോഗത്തിൽ പങ്കെടുക്കുന്നത്. സദാനന്ദന്റെ കാലുവെട്ടിയ കേസിലെ പ്രതികൾക്ക് മട്ടന്നൂർ എം.എൽ.എ കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ജയിലിലേക്ക് യാത്രയയപ്പ് നൽകിയത് വിവാദമായിരുന്നു. പിന്നാലെ, ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മാന്യമായ ജീവിതം നയിക്കുന്ന വ്യക്തികളാണ് ശിക്ഷിക്കപ്പെട്ടവരെന്ന് കെ.കെ ശൈലജ വിശദീകരിച്ചിരുന്നു. സ്ഥലത്തില്ലാത്തതിനാലാണ് യാത്രയയക്കാൻ പോകാതിരുന്നതെന്നും ശിക്ഷിക്കപ്പെട്ടവരെ ജയിലിൽ ചെന്ന് കാണുമെന്നും മുതിർന്ന നേതാവ് പി.ജയരാജനും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടി തന്നെ രാഷ്ട്രീയ വിശദീകരണ യോഗം നടത്തുന്നത്. എന്തിനുവേണ്ടിയായിരുന്നു ജനാർദ്ദനനെ വധിക്കാൻ ശ്രമിച്ചത്? ഇവർ കുറ്റക്കാരോ? എന്ന് പ്രതികളുടെ ചിത്രം സഹിതം പോസ്റ്ററും സി.പി.എം പുറത്തിറക്കിയിട്ടുണ്ട്. സി സദാനന്ദന്റെ കാലുകൾ വെട്ടിമാറ്റിയ കേസിൽ 30 വർഷത്തിന് ശേഷമാണ് 8 പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. സുപ്രീം കോടതി അപ്പീൽ തള്ളിയതോടെയായിരുന്നു കീഴടങ്ങൽ. സി.പി.എം പഴശി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിശദീകരണ യോഗം നടത്തുന്നത്.