നാലുവരിപാത: കെൽട്രോൺ മുതൽ വാളിക്കോട് വരെ രണ്ടാം റീച്ചിന് 123.31 കോടി
നെടുമങ്ങാട്: വഴയില-പഴകുറ്റി നാലുവരിപ്പാത നിർമ്മാണത്തിന്റെ രണ്ടാം റീച്ചായ കെൽട്രോൺ ജംഗ്ഷൻ മുതൽ വാളിക്കോട് വരെയുള്ള പ്രവൃത്തികളുടെ ടെൻഡർ ചെയ്തതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 123.31 കോടി ചെലവിൽ 4.1കി.മീറ്റർ ദൂരമാണ് ഇതിലുൾപ്പെടുന്നത്. വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള ആദ്യ റീച്ചിന്റെ നിർമ്മാണം ദ്രുതഗതിയിൽ നടക്കുകയാണ്. ഫ്ലൈഓവറിന്റെയും പാലത്തിന്റെയും റോഡിന്റെയും വർക്കുകൾ ഡിസം.31ന് പൂർത്തിയാവും. വരുന്ന 23ന് രണ്ടാം റീച്ചിന്റെ ടെൻഡർ ഓപ്പണിംഗ് ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
317 ഭൂഉടമകൾ,
284 കോടി നഷ്ടപരിഹാരം
അരുവിക്കര, കരകുളം, നെടുമങ്ങാട് എന്നീ വില്ലേജുകളിൽ നിന്നായി 11.34ഏക്കർ ഭൂമിയാണ് രണ്ടാം റീച്ചിൽ ഏറ്റെടുക്കുന്നത്. 317 ഭൂഉടമകൾക്ക് നഷ്ടപരിഹാരമായി 284കോടി അനുവദിച്ചിട്ടുണ്ട്. 313പേരുടെ ഡി.വി.എസ് അംഗീകരിച്ചിട്ടുള്ളതും 286 കുടുംബങ്ങൾക്കായി 268.2 കോടി രൂപ കൈമാറിയിട്ടുള്ളതുമാണ്. 381പേരുടെ പുനരധിവാസ പാക്കേജിനായി 4.5കോടി രൂപ നീക്കിവച്ചു. മുഴുവൻ കുടുംബങ്ങളുടെയും നഷ്ടപരിഹാരത്തുക വിതരണം ഈ മാസം പൂർത്തീകരിക്കും.
മൂന്നാം റീച്ചിന് 396.43 കോടി
മൂന്നാം റീച്ചായ വാളിക്കോട്-പഴകുറ്റി പമ്പ് ജംഗ്ഷൻ, കച്ചേരിനട,11-ാംകല്ല് വരെയുള്ള വർക്കുകൾക്കുള്ള നഷ്ടപരിഹാരത്തുകയ്ക്കായി 396.43 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.ഈമാസം തുക റവന്യുവകുപ്പിന് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സെപ്തംബർ അവസാനത്തോടെ മൂന്നാം റീച്ച് നിർമ്മാണം തുടങ്ങും.
നെടുമങ്ങാട് ടൗണിൽ
1.2 കി.മീറ്റർ നാലുവരിപ്പാതയാവും
വഴയില മുതൽ പഴകുറ്റി വരെ 9.5കിലോമീറ്ററും നെടുമങ്ങാട് ടൗണിൽ പഴകുറ്റി പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്നാരംഭിച്ച് കച്ചേരിനട വഴി 11-ാംകല്ലുവരെയുള്ള 1.2 കി.മീറ്റർ ഉൾപ്പെടെ 11.2കി.മീ റോഡാണ് നാലുവരിപ്പാതയാകുന്നത്. പദ്ധതിക്കായി 1185.19 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. 15 മീറ്റർ ടാറിംഗും സെന്ററിൽ 2 മീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി 2മീറ്റർ വീതിയിൽ യൂട്ടിലിറ്റി സ്പേസും ഉൾപ്പെടെയാണ് 21 മീറ്റർ നാലുവരിപ്പാത.