തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം: കെ.ജി.ശിവാനന്ദൻ

Saturday 09 August 2025 12:00 AM IST

തൃശൂർ: വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച് രാഹുൽ ഗാന്ധി പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ തൃശൂരിലെ വോട്ടർ പട്ടിക സംബന്ധിച്ചും സംശയമുണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ പറഞ്ഞു. പ്രസ്‌ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ശിവാനന്ദൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പക്ഷേ കമ്മീഷൻ പ്രശ്‌നം ലഘൂകരിക്കുകയാണ് ചെയ്തത്. പാർട്ടിയുടെ ദേശീയ - സംസ്ഥാന നേതൃത്വം ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. വി.എസ്.സുനിൽകുമാർ ഉയർത്തിയ ആരോപണത്തിനൊപ്പമാണ് പാർട്ടിയും. ജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്ന തൃശൂരിൽ ബി.ജെ.പി ജയിച്ചപ്പോഴാണ് അത് തങ്ങളുടെ നെഞ്ചിലേറ്റ മുറിവാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. തെരഞ്ഞെടുപ്പിൽ മേയറുടെ നിലപാടിൽ വിയോജിപ്പുണ്ടായിരുന്നു. അത് ചർച്ച ചെയ്ത് പരിഹരിച്ചു. സി.സി.മുകുന്ദൻ എം.എൽ.എയുമായി പാർട്ടിക്ക് പ്രശ്‌നമൊന്നുമില്ല. മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ ഇല്ലായ്മകൾ പുറത്തു വന്നതിലൂടെ ഒരു എം.എൽ.എയുടെ സത്യാവസ്ഥ ജനങ്ങൾക്കറിയാൻ കഴിഞ്ഞു. പി.എയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും കെ.ജി.ശിവാനന്ദൻ പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് എം.ബി.ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത് ബാലൻ സ്വാഗതവും ട്രഷറർ ടി.എസ്.നീലാംബരൻ നന്ദിയും പറഞ്ഞു.