എം.എ. യൂസഫലിയുടെ സഹായവാഗ്ദാനം സ്നേഹപൂർവം നിരസിച്ച് സി.സി മുകുന്ദൻ എം.എൽ.എ

Saturday 09 August 2025 12:04 AM IST

തൃശൂർ: ബാങ്ക് വായ്പ അടയ്ക്കാമെന്ന വ്യവസായി ഡോ. എം.എ. യൂസഫലിയുടെ വാഗ്ദാനം സ്‌നേഹപൂർവം നിരസിച്ച് സി.സി. മുകുന്ദൻ എം.എൽ.എ. തനിക്ക് വാഗ്ദാനം ചെയ്ത തുക മണ്ഡലത്തിലെ നിർദ്ധനരായ രോഗികൾക്കും ഭവനരഹിതരായ പാവപ്പെട്ടവർക്കും നൽകണമെന്നും ഫേസ്ബുക്ക് പേജിൽ എം.എൽ.എ കുറിച്ചു. എതാനും ദിവസം മുൻപ് കാൽ വഴുതി വീണ് അപകടമുണ്ടായപ്പോഴാണ് എം.എൽ.എയുടെ ദയനീയ ജീവിതം പുറംലോകം അറിഞ്ഞത്. ഭവനവായ്പ കുടിശ്ശികയായതിനെത്തുടർന്ന് വീട് ജപ്തി ഭീഷണിയിലായിരുന്നു. അറിഞ്ഞപ്പോൾ യൂസഫലി അടക്കം നിരവധി പേർ സഹായവാഗ്ദാനങ്ങളുമായെത്തി. എന്നാൽ എം.എൽ.എ സ്വീകരിക്കാൻ തയ്യാറായില്ല.

'ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ചുമട്ട് തൊഴിലാളിയായി പൊതുജീവിതം ആരംഭിച്ച വ്യക്തിയാണ് ഞാൻ. എനിക്ക് പാർട്ടിയും ജനങ്ങളും നൽകിയ അംഗീകാരവും ഉത്തരവാദിത്വവുമായാണ് എം.എൽ.എ പദവിയെ കാണുന്നത്. യാതൊരു സാമ്പത്തിക നേട്ടത്തിനായും പദവിയെ ഉപയോഗിച്ചിട്ടില്ല. ശമ്പളത്തിന്റെ വലിയൊരു ഭാഗം പൊതുപ്രവർത്തനരംഗത്ത് തന്നെയാണ് വിനിയോഗിക്കുന്നത്. പിന്നെ കാര്യമായൊന്നും മിച്ചമുണ്ടാകാറില്ല. അതിനാലാണ് വീടിന്റെ വായ്പാ തിരിച്ചടവിൽ വീഴ്ചയുണ്ടായത്. മാതൃകയാകേണ്ട ജനപ്രതിനിധി വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തരുതായിരുന്നു. ഇത് സ്വയം വിമർശനമായി കാണുന്നു'വെന്നും സി.സി. മുകുന്ദൻ എം.എൽ.എ ഫേസ്‌ബുക്കിൽ കുറിച്ചു.