നൂറിലെത്തിയിട്ടും സുകുമാരന്റെ ഓർമ്മകളിൽ പോരാട്ട വീര്യം

Saturday 09 August 2025 12:04 AM IST

ആലപ്പുഴ: വയസ് നൂറായി എന്നകാര്യം കെ.കെ.സുകുമാരന് ഓർമ്മയില്ല. എന്നാൽ

സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ജ്വലിക്കുന്ന ഓർമ്മകൾ മായാതെ തന്നെയുണ്ട്.

നാളെ അവിട്ടം നാളിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് വീട്ടിൽ ഒത്തുചേർന്ന് സുകുമാരന്റെ നൂറാം ജന്മദിനം ആഘോഷിക്കും.

കോമളപുരം കോതാപറമ്പിൽ കൊച്ചക്കിയുടെയും കുഞ്ഞുകേളന്റെയും നാലുമക്കളിൽ മൂന്നമാനായി 1925 ആഗസ്റ്റ് അ‌ഞ്ചിനായിരുന്നു സുകുമാരന്റെ ജനനം. 16-ാം വയസിൽ സ്വാതന്ത്ര്യസമര രംഗത്തെത്തി.അന്ന് ബ്രിട്ടീഷ് പട്ടാളത്തെ ചെറുക്കുന്നതിന് കുന്തമുന ഉണ്ടാക്കി. അതിന് ശേഷം അവശിഷ്ടങ്ങൾ വിദഗ്ദ്ധമായി നശിപ്പിച്ചുകളയും. അല്ലങ്കിൽ പട്ടാളം അതുകണ്ട് തേടിയെത്തും. പട്ടാളമെത്തുന്നത് തടയാൻ കോമളപുരത്തെ റോഡ് വെട്ടിപ്പൊളിച്ചതുമെല്ലാം അദ്ദേഹത്തിന്റെ

മങ്ങാത്ത ഓ‌ർമ്മകളാണ്.കയർ തൊഴിലാളിയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന തങ്കമ്മയെയാണ് വിവാഹം ചെയ്തത്. രണ്ടുവർഷം മുമ്പ് 92-ാം വയസിൽ തങ്ക മരിച്ചു. ഗിരീശൻ, കിഷോർ കുമാർ, സുധീർ എന്നിവരാണ് മക്കൾ. ശുഭ, അനിത, ഗംഗ എന്നിവർ മരുമക്കളുമാണ്. കിഷോർകുമാറിന്റെ അനിതയ്ക്കും മക്കളായ മനു കിഷോർ, നന്ദകിഷോർ എന്നിവർക്കൊപ്പം ഭാര്യ തങ്കമ്മയുടെ കുടുംബ വീടായ ആശ്രമം വാർഡിൽ പുത്തൻപുരയ്ക്കൽ വീട്ടിലാണ് ഇപ്പോൾ സുകുമാരന്റെ താമസം. സി.പി.ഐ പ്രവർത്തകനാണ്. വി.എസ്. അച്യുതാനന്ദനൊപ്പം സമരങ്ങളിൽ പങ്കെടുത്ത ഓർമ്മകൾക്കും ഒളിമങ്ങിയിട്ടില്ല.