മോള് പേടിക്കേണ്ട...എല്ലാരും കൂടെയുണ്ട്...
നാലാം ക്ലാസുകാരിക്ക് പിന്തുണയുമായി പൊതുസമൂഹം
ആലപ്പുഴ: നൂറനാട് രണ്ടാനമ്മയിൽ നിന്നും സ്വന്തം പിതാവിൽ നിന്നും ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നാലാംക്ലാസുകാരിക്ക് കരുതലുമായി സമൂഹം. നൂറനാട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ ബന്ധുക്കളിൽ നിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചു. ഇന്ന് നൂറനാട്ടെ വീട്ടിൽ മന്ത്രി നേരിട്ടെത്തി കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയും.
ഇന്നലെ മാവേലിക്കര എം.എൽ.എ എം.എസ്.അരുൺകുമാർ അടക്കമുള്ളവർ വീട്ടിലെത്തിയിരുന്നു. ശിശുസംരക്ഷണ സമിതിയിൽ നിന്ന് താൽക്കാലിക സംരക്ഷണ ഉത്തരവ് ലഭിച്ചതോടെ താമരക്കുളത്തെ ബന്ധുവീട്ടിൽ നിന്ന് കുട്ടിയെ നൂറനാട്ടെ കുടുംബവീട്ടിലേക്ക് മുത്തശ്ശി റസിയ കൂട്ടിക്കൊണ്ടുവന്നു. തനിക്ക് പിതൃമാതാവിനൊപ്പം നിൽക്കാനാണ് ഇഷ്ടമെന്നും, ജുവനൈൽ ഹോമിലേക്ക് മാറ്ററുതെന്നും കുട്ടി ശിശുക്ഷേമ സമിതി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ സംരക്ഷണവും സന്തോഷവുമാണ് മുഖ്യമെന്നും, അതിനാൽ കുട്ടിയുടെ താൽപര്യപ്രകാരമാണ് താൽക്കാലിക സംരക്ഷണ ചുമതല പിതൃമാതാവിന് കൈമാറിയതെന്നും സി.ഡബ്ല്യു.സി അധികൃതർ വ്യക്തമാക്കി. കുട്ടിയുടെ പിതാവിനെയും രണ്ടാനമ്മയെയും ഉടൻ കണ്ടെത്തി ആവശ്യമായ നപടികൾ സ്വീകരിക്കാൻ കർശന നിർദേശം നൽകിയതായി ജില്ലാ കളക്ടർ പറഞ്ഞു.
കുട്ടിയുടെ പിതാവും രണ്ടാനമ്മയും ആഴ്ചയിൽ രണ്ടു ദിവസം വീതം പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാനുള്ള നടപടി സ്വീകരിക്കാൻ ഡിവൈ.എസ്.പിയോട് കളക്ടർ നിർദേശിച്ചു. കൂടാതെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരോട് കുട്ടിയുടെ വീട്ടിലെത്താനും ആവശ്യമായ സഹായങ്ങൾ ഒരുക്കാനും നിർദേശിച്ചിട്ടുണ്ട്. പിതാവ് അൻസർ നൂറനാട്ട് കുട്ടി പഠിക്കുന്ന സ്കൂളിന് സമീപമെത്തിയെത്തിയെന്നും പലരെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രചരണങ്ങളുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.