കറിവയ്ക്കാനെടുത്ത വരാലിന്റെ വയറ്റിൽ പാമ്പ്

Saturday 09 August 2025 12:10 AM IST

ചാരുംമൂട് : കറിവയ്ക്കാനായി വെട്ടിയ വരാലിന്റെ വയറ്റിൽ ഒരടിയിലേറെ നീളമുള്ള പാമ്പിനെ കണ്ടെത്തി. ചാരുംമൂട് പേരൂർ കാരാഴ്‌മ നിലയ്ക്കൽ വടക്കതിൽ സനോജിന്റെ വീട്ടിലാണ് സംഭവം. ഇന്നലെ രാവിലെ വീടിന് സമീപമുള്ള കോതിച്ചിറ പാടത്ത് നിന്ന് ചൂണ്ടയിൽ ലഭിച്ച ഒരു കിലോയോളം തൂക്കമുള്ള വരാലിനെ വൃത്തിയാക്കാനായി സനോജിന്റെ ഭാര്യ ശാലിനി വെട്ടിയപ്പോൾ വയറ്റിൽ നിന്ന് പാമ്പ് പാത്രത്തിലേക്ക് വീഴുകയായിരുന്നു. തൊലി അഴുകിത്തുടങ്ങിയിരുന്ന പാമ്പിന്റെ തലയിലെ അടയാളം കണ്ട് മൂർഖനെന്നാണ് കരുതുന്നത്. ഭയന്ന വീട്ടുകാർ വരാലിനെയും പാമ്പിനെയും പറമ്പിൽ കുഴിച്ചിട്ടു.

വരാൽ മൂർഖൻ പാമ്പിനെ ഭക്ഷിക്കുന്നത് അപൂർവമാണെന്ന് ജന്തുശാസ്ത്ര വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. അവശനായ പാമ്പിനെ ഒരുപക്ഷേ വരാൽ വിഴുങ്ങിയതാവാം. ജന്തുലോകത്തെ വൈവിദ്ധ്യങ്ങളിൽപ്പെട്ട അത്ഭുതമായി ഇതിനെ കണക്കാക്കാമെന്ന് മുതിർന്ന ജന്തുശാസ്ത്ര പ്രൊഫസർ ഡോ.ജി.നാഗേന്ദ്രപ്രഭു പറഞ്ഞു.