വിമാനത്താവളത്തിലെ സ്വർണക്കടത്ത് വഴിവിട്ട് സഹായിച്ചു, ഒടുവിൽ പിടിവീണു
ശംഖുംമുഖം: സർവീസിൽ നിന്ന് പിരിച്ചുവിട്ട കസ്റ്റംസ് ഇൻസ്‌പെക്ടർ അനീഷ്, തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് സംഘങ്ങളുടെ ഉറ്റതോഴനായിരുന്നു. 2021ലാണ് അനീഷിനെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ എയർകസ്റ്റംസ് വിംഗിലേക്ക് എത്തിക്കുന്നത്. ഇയാളുടെ ഡ്യൂട്ടി സമയത്തായിരുന്നു കൂടുതൽ കടത്ത് നടന്നിരുന്നത്.
സാധാരണക്കാരായ യാത്രക്കാരെ പരിശോധിക്കാനായി തടഞ്ഞുനിറുത്തി ഏറെനേരം ബുദ്ധിമുട്ടിക്കും. മറ്റു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഇവിടേക്ക് തിരിക്കാനായിരുന്നു ഇത്. ഈ സമയം സ്വർണക്കടത്തുകാർ പുറത്തിറങ്ങും.
ഇത് പതിവായതോടെ താൻ നിരീക്ഷിക്കപ്പെടുന്നുവെന്ന് മനസിലാക്കിയ അനീഷ് പുതിയ തന്ത്രമൊരുക്കി. ഇതിന്റെ ഭാഗമായി കൂടുതൽ ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് മാഫിയയുടെ കണ്ണികളാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ ആലപ്പുഴ ജി.എസ്.ടി വിംഗിൽ നിന്നും എയർകസ്റ്റംസിലെത്തിയ നിഥിനെന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ ഇയാളുടെ പ്രലോഭനങ്ങളിൽ വീണു. പിന്നീട് നിഥിനിലൂടെ ഇയാൾ കാര്യങ്ങൾ നീക്കികൊണ്ടിരുന്നു.
ഇതിനിടെ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ്,ക്ളീനിംഗ് ജീവനക്കാരെയും മോഹന വാഗ്ദ്ധാനങ്ങൾ നൽകി കൈയിലെടുത്തു. വിമാനത്തിൽ ഒളിപ്പിച്ച് കൊണ്ടുവരുന്ന സ്വർണത്തിന്റെ വിവരങ്ങൾ ക്ളീനിംഗ് ജീവനക്കാർക്ക് കൈമാറും.ഇവർ വഴി സ്വർണം പുറത്തെത്തിക്കുന്ന തരത്തിൽ കാര്യങ്ങൾ മുന്നോട്ടു പോയതോടെ, കസ്റ്റംസിലെ ചില സത്യസന്ധരായ ഉദ്യോഗസ്ഥർ വിവരം രഹസ്യമായി ഡി.ആർ.ഐക്ക് നൽകുകയായിരുന്നു.
ഇതോടെ ഡി.ആർ.ഐ ഇയാളെ രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങി. ഇതിനിടെയാണ് ദുബായിൽ നിന്ന് സ്വർണം കടത്തുന്ന സംഘം വിമാനത്താവളത്തിലെത്തി ഇയാളെ അന്വേഷിച്ചത്. ഈ സംഘത്തെ ഡി.ആർ.ഐ പിടികൂടിയതോടെയാണ് അനീഷിന്റെ കള്ളത്തരം പുറത്തുവന്നത്. തുടർന്ന് ഡി.ആർ.ഐ നടത്തിയ കൂടുതൽ അന്വേഷണത്തിൽ തെളിവ് സഹിതം അനീഷും നിഥിനും പിടിയിലാവുകയായിരുന്നു.