സഹപാഠിയുടെ മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്

Saturday 09 August 2025 12:46 AM IST

കല്ലമ്പലം: സഹപാഠിയുടെ മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിൽ. കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥി അഫാൻ നിഷാദിനാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെ സ്‌കൂളിൽ വച്ച് വാക്കുതർക്കത്തെ തുടർന്ന് അഫാനെ അതേ ക്ലാസിൽ പഠിക്കുന്ന സുഹൃത്ത് സൈക്കിൾ ചെയിൻ കൊണ്ട് മർദ്ദിച്ചെന്നാണ് പരാതി. തലക്കും കൈയ്ക്കും പരിക്കുണ്ട്. കൈയിൽ പൊട്ടലേറ്റതായും കുട്ടിയുടെ മാതാവ് പറയുന്നു. ആശയ വിനിമയത്തിലെ തെറ്റിദ്ധാരണകളാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് സ്‌കൂളിലെ പി.ടി.എ പ്രസിഡന്റും പരിക്കേറ്റ കുട്ടിയുടെ മാതാവുമായ ഷെറിൻ പറഞ്ഞു. മാരകായുധങ്ങൾ സ്‌കൂളിൽ കൊണ്ടുവരുന്നത് സംബന്ധിച്ച് വിശദമായി പരിശോധന നടത്തുമെന്നും അതിക്രമങ്ങൾ അനുവദിക്കില്ലെന്നും പ്രിൻസിപ്പൽ പ്രിയ ഗോപൻ അറിയിച്ചു.സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്തു.