ഇടിഞ്ഞാറിലെ വെങ്കിട്ടപാറ, ദ്വാരക, ഇരപ്പുംപാറ മേഖലകൾ ലഹരിയുടെ പിടിയിൽ

Saturday 09 August 2025 1:23 AM IST

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ മേഖലയിലെ ദ്വാരക, ഇരപ്പുംപാറ, വെങ്കിട്ടപ്പാറ എന്നിവിടങ്ങളിലെ കാറ്റിനുപോലും ലഹരിയുടെ ഗന്ധമാണ്. ഇവിടെയുള്ള ആദിവാസി ഊരുകളിലെ പ്രായപൂർത്തിയാകാത്ത ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താനാകാത്തതാണ്. ഇടിഞ്ഞാറിൽ നിന്നും ഒരു കിലോമീറ്റർ വനമേഖലയിലൂടെ സഞ്ചരിച്ചാൽ വിട്ടിക്കാവിനടുത്തുള്ള ദ്വാരക എന്ന സ്ഥലത്തെത്തിച്ചേരാം. മങ്കയത്തു നിന്നും അടിപ്പറമ്പ് റോഡിലൂടെ മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാൽ വെങ്കിട്ടപ്പാറയിലും ഇടിഞ്ഞാറിൽ നിന്നും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ ഇരപ്പുപാറയിലുമെത്താം. ഇവിടങ്ങൾ ഇപ്പോൾ ലഹരിയുടെ കേന്ദ്രമായി മാറിയിട്ടുണ്ട്.

നാടൻ ചാരായം, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ കേന്ദ്രമായി ഇവിടം മാറിയിട്ടും അധികാരികൾ നടപടിയെടുക്കുന്നില്ല. ഇവിടെയുള്ള റിസോർട്ടുകളും ലഹരി മാഫിയയുടെ പിടിയിലാണ്. പൊലീസിന്റെയൊ എക്സൈസിന്റെയോ യാതൊരുവിധ പരിശോധനയും ഇവിടങ്ങളിലില്ല.

വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള മേഖലകളാണ് ഇവിടങ്ങളെല്ലാം.

വില്ലനായി ലഹരി

പ്രായപൂർത്തിയാകാതെ മരണമടഞ്ഞ പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലഹരി ഉപയോഗിച്ചിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യക്ക് കാരണമായി കണ്ടെത്തിയതും ലഹരിയാണ്. പെൺകുട്ടികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളും നടപടികളും നടന്നെങ്കിലും നിലവിൽ ലഹരി മാഫിയയുടേയും സാമൂഹ്യവിരുദ്ധ സംഘങ്ങളുടേയും താവളമാണിവിടം.

വിനോദ സഞ്ചാരികളെ

നോട്ടമിടുന്നു

ഇടിഞ്ഞാറിൽ നിന്നും രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ മങ്കയത്തും അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ ബ്രൈമൂറിലുമെത്താം. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെയാണ് ലഹരി വില്പനക്കാർ നോട്ടമിടുന്നത്.