ഓപ്പറേഷൻ ധരാലി: 650 പേരെ രക്ഷപ്പെടുത്തി

Saturday 09 August 2025 12:47 AM IST

ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് തെരച്ചിൽ

112 പേരെ ഇതുവരെ എയർലിഫ്റ്റ് ചെയ്തു

ന്യൂഡൽഹി: മിന്നൽ പ്രളയത്തിൽ തകർന്ന ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഇതുവരെ 650 പേരെ രക്ഷപ്പെടുത്തി. മണ്ണിനടിയിൽപ്പെട്ടുപോയവർക്കായി തെരച്ചിൽ തുടരുകയാണ്. ദുരന്തബാധിത മേഖലകളിൽ കുടുങ്ങിയ 22 പേരെ കൂടി ഇന്നലെ എയർലിഫ്റ്റ് ചെയ്‌തു. കുടുങ്ങിക്കിടക്കുന്ന 300ലേറെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്.

കരസേന, വ്യോമസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ, പ്രാദേശിക ഭരണകൂടം എന്നിവ സംയുക്തമായാണ് 'ഓപ്പറേഷൻ ധരാലി' എന്ന പേരിൽ രക്ഷാദൗത്യം നടത്തുന്നത്.

മലയാളികളെ എയർലിഫ്റ്റ്

ചെയ്തു

മലയാളികളെല്ലാവരെയും എയർലിഫ്റ്റ് ചെയ്യിച്ച് സുരക്ഷിതസ്ഥാനത്തെത്തിച്ചു.

തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് നാരായണൻ നായർ,​ ഭാര്യ ശ്രീദേവി പിള്ള,​ മൂന്ന് സഹോദരിമാ‌ർ എന്നിവരെ ഡെറാഡൂണിലെത്തിച്ചു. നാട്ടിലെന്ന് എത്തുമെന്നത് സംബന്ധിച്ച് തീരുമാനമായില്ല.

റഡാറുകളും ഡ്രോണുകളും

മണ്ണിനടിയിൽ ആളുകളുണ്ടോ എന്നറിയാൻ ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറുകളും ഡ്രോണുകളും ഉപയോഗിച്ചാണ് തെരച്ചിൽ. ഡോഗ് സ്‌ക്വാഡുകളും രംഗത്തുണ്ട്. ഗംഗോത്രി ദേശീയപാതയിൽ സേനയുടെ ബെയ്ലി പാലം നിർമ്മാണം പുരോഗമിക്കുകയാണ്. ഗാംഗ് നാനിയിൽ ലിംച ഗാഡ് പാലം തകർന്നതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ഹർസിലിലും ധരാലിയിലും റോഡുകൾ ഗതാഗതയോഗ്യമാക്കാനുള്ള ശ്രമം നടക്കുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉത്തരകാശി ജില്ലാ ആസ്ഥാനത്ത് സ്ഥിതി വിലയിരുത്തി. മേഖലയെ സാധാരണനിലയിലെത്തിക്കാനുള്ള നടപടികൾ പരമാവധി വേഗത്തിൽ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.