യു.എസ് തീരുവയ്ക്കെതിരെ ഒന്നിച്ച്, പുട്ടിനുമായി ഫോണിൽ സംസാരിച്ച് മോദി

Saturday 09 August 2025 12:48 AM IST

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധിക തീരുവയ്ക്ക് ഇന്ത്യയെ ഒന്നും ചെയ്യാനാകില്ലെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സവിശേഷവും തന്ത്രപരവുമായ ഇന്ത്യ-റഷ്യ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത നേതാക്കൾ ഉറപ്പിച്ചു. വാർഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കാൻ പുട്ടിനെ ക്ഷണിച്ചു. യുക്രെയിനുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ പുട്ടിൻ മോദിയെ അറിയിച്ചു. സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ സ്ഥിരമായ നിലപാട് മോദി ആവർത്തിച്ചു.

റഷ്യയിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങിയതിനുള്ള പിഴയായാണ് ഇന്ത്യയ്‌ക്ക് ആദ്യം പ്രഖ്യാപിച്ച 25 ശതമാനത്തിന് പുറമെ 25 ശതമാനം അധിക തീരുവ യു.എസ് തീരുമാനിച്ചത്. ട്രംപിന്റെ തീരുമാനം വന്നതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പുട്ടിനുമായി ചർച്ച നടത്തിയിരുന്നു. യുക്രെയിൻ സംഘർഷ സമയത്ത് യു.എസ് ചേരി ഉപരോധം പ്രഖ്യാപിച്ച സമയത്താണ് റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങാൻ തീരുമാനിച്ചത്. ഇതിലുള്ള അമർഷം യു.എസ് മുമ്പും അറിയിച്ചിരുന്നു.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായും പുട്ടിൻ സംസാരിച്ചതായാണ് റിപ്പോർട്ട്.

"ഇന്തോ-യു.എസ് പ്രതിരോധ

വിലക്ക്" വ്യാജം

യു.എസുമായുള്ള പ്രതിരോധ ഇടപാടുകൾ ഇന്ത്യ താത്കാലികമായി നിറുത്തിവച്ചെന്ന റോയിട്ടേഴ്‌സ് വാർത്ത തള്ളി കേന്ദ്രസർക്കാർ. ജനറൽ ഡൈനാമിക്സ് ലാൻഡ് സിസ്റ്റംസ് നിർമ്മിച്ച സ്ട്രൈക്കർ കോംബാക‌്റ്റ് വാഹനങ്ങളും റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിത ജാവലിൻ ആന്റി ടാങ്ക് മിസൈലുകളും വാങ്ങുന്നതിനുള്ള ചർച്ചകൾ നിർത്തിയെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തത്. ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ ട്രംപുമായി പ്രധാനമന്ത്രി മോദി നടത്തിയ കൂടിക്കാഴ്ചയിൽ പ്രഖ്യാപിച്ച ഇ‌ടപാടുകളാണിവ.