വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് സ്റ്റാലിൻ, ഹിന്ദി വേണ്ട, പ്ലസ് വൺ പരീക്ഷ ഇല്ല

Saturday 09 August 2025 12:49 AM IST

ചെന്നൈ: തമിഴ് ഭാഷയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്ന പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ദ്വിഭാഷാ നയത്തിൽ മാറ്റമില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. കുട്ടികൾ ഇംഗ്ലീഷ്, തമിഴ് ഭാഷാ വിഷയങ്ങൾ മാത്രമേ പഠിക്കേണ്ടതുള്ളൂവെന്നും മൂന്നാം ഭാഷ വേണ്ടെന്നുമാണ് നയം. ഹിന്ദികൂടി ഉൾപ്പെടുത്തി ത്രിഭാഷാ വിദ്യാഭ്യാസ നയം കേന്ദ്ര സർക്കാർ

നടപ്പാക്കാനിരിക്കെയാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. 

പുതിയ നയം അനുസരിച്ച് പ്ലസ് വണ്ണിൽ ഇനി പൊതുപരീക്ഷയില്ല. എട്ടാം ക്ലാസ് വരെ എല്ലാവരേയും ജയിപ്പിക്കുന്നത് തുടരും.

10, 12 ക്ലാസുകളിൽ മാത്രമേ പരീക്ഷ നടത്തുകയുള്ളൂ. സമത്വവും യുക്തിചിന്തയും ശാസ്ത്രബോധവും കായിക പരിശീലനവും കുട്ടികൾക്ക് നൽകും. 2022ൽ രൂപീകരിച്ച ജസ്റ്റിസ് ഡി. മുരുകേശൻ കമ്മിറ്റിയുടെ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നയം. ജൂലായ് 31ന് 5 വയസ് പൂർത്തിയായ കുട്ടികൾക്ക് ഒന്നാം ക്ലാസിൽ പ്രവേശനം നൽകണമെന്നതാണ് സമിതിയുടെ പ്രധാന ശുപാർശകളിലൊന്ന്.

ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് 6 വയസ് പൂർത്തിയായാലാണ് ഒന്നാം ക്ലാസ് പ്രവേശനം. ചെന്നൈയിലെ അണ്ണാ സെൻട്രി ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ സ്റ്റാലിൻ ആദരിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

'ചിന്തിക്കുക

ചോദിക്കുക"

മനഃപാഠമാക്കുന്നതിനുപകരം ചിന്തിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളെ സൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. സർഗാത്മകരായ വിദ്യാർത്ഥികളുണ്ടാകണം. വിദ്യാഭ്യാസം ആരും പാതിവഴിയിൽ ഉപേക്ഷിക്കരുത്. സർക്കാർ സ്‌കൂളുകൾ ദാരിദ്ര്യത്തിന്റെയല്ല, അഭിമാനത്തിന്റെ അടയാളമാണ്. സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒരു സംസ്ഥാനവും അനമോദന ചടങ്ങ് നടത്തുന്നില്ല. ഈ വർഷം, 75 ശതമാനം വിദ്യാർത്ഥികളും ഉന്നത വിദ്യാഭ്യാസത്തിൽ ചേർന്നിട്ടുണ്ട്. ഇത് 100 ശതമാനമാക്കണം. നിങ്ങളെപ്പോലുള്ള വിദ്യാർത്ഥികൾ ആ ലക്ഷ്യം കൈവരിക്കാൻ സഹായിക്കണം. തമിഴ്നാടിന് അതുല്യമായ ചിന്താഗതിയുണ്ട്. ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയിലാണ് വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.