മോദിയുടെ ജയം കള്ളവോട്ടിലെന്ന് തെളിയിക്കും: രാഹുൽ ഗാന്ധി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ഡിജിറ്റൽ വോട്ടർപട്ടിക വിവരങ്ങൾ പുറത്തുവിട്ടാൽ, രാജ്യത്തുടനീളം നടന്ന തിരഞ്ഞെടുപ്പ് ക്രമക്കേടും കള്ളവോട്ടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജയിച്ചതെന്നും തെളിയിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബംഗളൂരുവിൽ കോൺഗ്രസ് സംഘടിപ്പിച്ച വോട്ട് അധികാർ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് വർഷത്തെ ഇലക്ട്രോണിക് വോട്ടർ പട്ടികയും വീഡിയോഗ്രാഫിയും കോൺഗ്രസിന് നൽകണം.
കർണാടകയിലെ ഒരു സീറ്റിലെ ക്രമക്കേട് ഞങ്ങൾ തെളിയിച്ചിരിക്കുകയാണ്. 25 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് മോദി പ്രധാനമന്ത്രിയായത്. ആ സീറ്റുകളിൽ മുപ്പത്തയ്യായിരമോ അതിൽ കുറഞ്ഞ ഭൂരിപക്ഷമോ ആയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഡിജിറ്റൽ വോട്ടർപട്ടികയും വീഡിയോഗ്രാഫി രേഖയും നൽകിയാൽ രാജ്യത്ത് എവിടെയൊക്കെ സീറ്റുകൾ മോഷ്‌ടിക്കപ്പെട്ടെന്ന് തെളിയിക്കാനാകും.
തിരഞ്ഞെടുപ്പ് കമ്മിഷൻ സഹകരിച്ചില്ലെങ്കിലും മുഴുവൻ പേപ്പർ രേഖകളും കൈവശമുള്ളതിനാൽ കോൺഗ്രസിന് സ്വയം അന്വേഷിക്കാനറിയാം. ആറു മാസം അന്വേഷിച്ചാണ് കർണാടകയിലെ ഒരു നിയമസഭാ മണ്ഡലത്തെക്കുറിച്ചുള്ള സത്യം കണ്ടെത്തിയത്. 20-25 നിയമസഭാ മണ്ഡലങ്ങളിലും ആ ജോലി ചെയ്യും. സത്യം പുറത്തുവരും. കഴിഞ്ഞ ദിവസം താൻ പുറത്തുവിട്ട ബംഗളൂരു മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് കർണാടക സർക്കാരിനോട് രാഹുൽ ആവശ്യപ്പെട്ടു. വ്യാജ വോട്ടർമാരെ ചേർത്ത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണം.
വോട്ടവകാശം കവർന്നെടുക്കപ്പെടുന്നതിനാൽ പ്രത്യേകാവകാശങ്ങൾ ഭീഷണിയിലാണെന്നും 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന ദൃഢനിശ്ചയത്തോടെ പോരാടണമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സുർജേവാല, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയവരും റാലിയിൽ പങ്കെടുത്തു.
കമ്മിഷന്റെ ഉപാധി തള്ളി,
രക്ഷപ്പെടാമെന്ന് കരുതേണ്ട
കർണാടകയിലെ ക്രമക്കേടുകൾ സംബന്ധിച്ച് സത്യവാങ്‌മൂലത്തിൽ പ്രതിജ്ഞയെടുത്ത് രേഖകൾ സമർപ്പിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം രാഹുൽ തള്ളി. ഞാൻ പാർലമെന്റിൽ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത ആളാണ്.
ബി.ജെ.പിക്കുവേണ്ടിയല്ല, രാജ്യത്തിന്റെ ഭരണഘടനയ്ക്കുവേണ്ടിയാണ് പ്രവർത്തിക്കേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ഓർക്കണം. പ്രതിപക്ഷത്തെ നേരിടേണ്ട ഒരു ദിവസം വരും.
ജനങ്ങളുടെ ചോദ്യങ്ങൾ ഭയന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ബീഹാർ സംസ്ഥാനങ്ങളിലെ വെബ്‌സൈറ്റ് അടച്ചുപൂട്ടി, ജനങ്ങൾ ചോദ്യം ചോദിക്കാൻ തുടങ്ങിയാൽ, മുഴുവൻ ഘടനയും തകരുമെന്ന് അവർക്കറിയാം.