ഗാസ സിറ്റി ഇസ്രയേൽ പിടിച്ചെടുക്കും
ടെൽ അവീവ്: വെടിനിറുത്തലിനായി ലോക രാജ്യങ്ങൾ സമ്മർദ്ദം ശക്തമാക്കുന്നതിനിടെ, ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രയേൽ സുരക്ഷാ ക്യാബിനറ്റ്. പതിനായിരക്കണക്കിന് പാലസ്തീനികൾ പലായനം ചെയ്യേണ്ടിവരും. ഗാസയിലെ സൈനിക നടപടി വ്യാപിക്കാൻ ഇടയാകുന്ന ഈ നീക്കത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും വിമർശനം ശക്തമായി. നടപടിയിൽ പ്രതിഷേധിച്ച് ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി ഒരറിയിപ്പുണ്ടാകും വരെ ജർമ്മനി നിറുത്തിവച്ചു.
ഗാസ മൊത്തമായി പിടിച്ചെടുക്കണമെന്നാണ് സർക്കാരിലെ തീവ്ര വലതുപക്ഷ കക്ഷികൾ ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെ എതിർത്ത ഇസ്രയേൽ സൈന്യം, ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ ജീവന് അപകടമാകുമെന്ന് മുന്നറിയിപ്പ് നൽകി. ഇതോടെ വടക്കൻ ഗാസയിലെ ഏറ്റവും വലിയ നഗര കേന്ദ്രമായ ഗാസ സിറ്റി നിയന്ത്രണത്തിലാക്കാൻ തീരുമാനിക്കുകയായിരുന്നു.
പൂർണ ക്യാബിനറ്റിന്റെ അംഗീകാരം ഉടൻ ലഭിക്കും. ശേഷം ഗാസ സിറ്റി പിടിക്കാനുള്ള നീക്കങ്ങൾ സൈന്യം തുടങ്ങും. സാധാരണക്കാരെ ഒഴിപ്പിച്ച ശേഷമേ സൈന്യം ഇവിടേക്ക് പ്രവേശിക്കൂ. പദ്ധതിയെ എതിർത്ത് ഇസ്രയേലിലെ പ്രതിപക്ഷവും ബന്ദികളുടെ കുടുംബങ്ങളും രംഗത്തെത്തി. വെടിനിറുത്തൽ ചർച്ചകൾ ജൂലായിൽ തകർന്നിരുന്നു.
ഗാസ സിറ്റിയിൽ നിലവിൽ - 9,00,000 പാലസ്തീനികൾ
നിലവിൽ ഗാസയുടെ 75 ശതമാനവും ഇസ്രയേലിന്റെ നിയന്ത്രണത്തിൽ
# ഇസ്രയേലിന്റെ ഭാവി പദ്ധതി
1. ഹമാസിനെ തുടച്ചുനീക്കും
2. ഗാസയിലുള്ള മുഴുവൻ ബന്ദികളെയും തിരിച്ചെത്തിക്കും
(ഗാസയിലുള്ള 50 ഓളം ബന്ദികളിൽ ജീവനോടെയുള്ളത് ഏകദേശം 20 പേർ മാത്രം)
3. ഗാസയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കും
4. ക്രമേണ, ഹമാസോ പാലസ്തീനിയൻ അതോറിറ്റിയോ അല്ലാത്ത, ഒരു സിവിലിയൻ ഭരണകൂടത്തിന് ഗാസയുടെ ചുമതല നൽകും
# 61,300
ഗാസയിലെ മരണ സംഖ്യ 61,300 ആയി. ഇന്നലെ മാത്രം ഇസ്രയേൽ ആക്രമണങ്ങളിൽ 20ലേറെ പേർ കൊല്ലപ്പെട്ടു. പട്ടിണി മൂലം 201 പേർ മരിച്ചു.
# ഇസ്രയേൽ നീക്കം വെടിനിറുത്തൽ ചർച്ചകളെ അട്ടിമറിക്കുന്നു.
- ഹമാസ്