മോദിക്ക് സ്വാഗതമെന്ന് ചൈന
Saturday 09 August 2025 7:19 AM IST
ടിയാൻജിൻ സിറ്റിയിൽ നടക്കാൻ പോകുന്ന ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന.'പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞങ്ങൾ ചൈനയിലേക്ക് സ്വാഗതം ചെയ്യുന്നു. എല്ലാ കക്ഷികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഉച്ചകോടി, ഐക്യദാർഢ്യത്തിന്റെയും സൗഹൃദത്തിന്റെയും മികച്ച ഫലങ്ങളുടെയും ഒത്തുചേരലായി മാറും. ഉയർന്ന നിലവാരത്തിലെ വികസനത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് എസ്.സി.ഒ പ്രവേശിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു " - ചൈനീസ് വിദേശകാര്യ മന്ത്രലായ വക്താവ് ജുവോ ജിയാകുൻ പറഞ്ഞു.
ഈ മാസം 31, സെപ്തംബർ 1 തീയതികളിലാണ് ഉച്ചകോടി. ട്രംപിന്റെ തീരുവ ഭീഷണികൾ തുടരുന്ന സാഹചര്യത്തിൽ മോദി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായും നയതന്ത്ര കൂടിക്കാഴ്ചകൾ നടത്തിയേക്കും.