മഡുറോയുടെ അറസ്‌റ്റിന് പാരിതോഷികം കൂട്ടി യു.എസ്

Saturday 09 August 2025 7:19 AM IST

 5 കോടി ഡോളർ

വാഷിംഗ്ടൺ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ കൈമാറുന്നവർക്കുള്ള പാരിതോഷിക തുക 5 കോടി ഡോളറായി ഉയർത്തി യു.എസ്. മയക്കുമരുന്ന് കടത്ത്, അഴിമതി, ക്രിമിനൽ സംഘങ്ങളുമായി ബന്ധം തുടങ്ങിയ കുറ്റങ്ങൾ യു.എസ് മഡുറോയ്ക്കെതിരെ ആരോപിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരിൽ ഒരാൾ എന്നാണ് ട്രംപ് ഭരണകൂടം മഡുറോയെ വിശേഷിപ്പിച്ചത്.

തങ്ങളുടെ മാതൃരാജ്യത്തിന്റെ അന്തസ് വില്പനയ്ക്കുള്ളതല്ലെന്നും യു.എസിന്റെ പ്രചാരണങ്ങളെ നിരാകരിക്കുന്നെന്നും വെനസ്വേലൻ വിദേശകാര്യ മന്ത്രി ഇവാൻ ഗിൽ പ്രതികരിച്ചു. യു.എസ് നടപടി പരിഹാസ്യമായ പുകമറയാണെന്നും ഗിൽ കൂട്ടിച്ചേർത്തു. 2013ൽ ഹ്യൂഗോ ചാവേസിന്റെ മരണത്തിന് പിന്നാലെയാണ് വൈസ് പ്രസിഡന്റായിരുന്ന മഡുറോ അധികാരത്തിലെത്തിയത്.

# മയക്കുമരുന്ന് ഭീകരതയെന്ന്

 2020ൽ മഡുറോയ്ക്കും വെനസ്വേലയിലെ ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ യു.എസ് 'മയക്കുമരുന്ന് ഭീകരത"കുറ്റം ചുമത്തി

 ഇവർ യു.എസിലേക്ക് കൊക്കെയ്ൻ ഒഴുക്കുന്നെന്നും അമേരിക്കയെ തകർക്കാനുള്ള ആയുധമായി മയക്കുമരുന്നിനെ ഉപയോഗിക്കുന്നെന്നും ആരോപണം

 2025 ജനുവരിയിൽ മഡുറോയുടെ അറസ്റ്റിനുള്ള പാരിതോഷികം 1.5 കോടി ഡോളറിൽ നിന്ന് 2.5 കോടി ഡോളറായി ഉയർത്തി

 2024 ജൂലായിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മഡുറോ മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, ഫലത്തെ വെനസ്വേലയിലെ പ്രതിപക്ഷവും യു.എസ് അടക്കം പാശ്ചാത്യ രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല