യുക്രെയിൻ യുദ്ധം അവസാനിക്കുന്നു? പുടിൻ - ട്രംപ് കൂടിക്കാഴ്‌ച ഈ മാസം 15ന്
അലാസ്ക: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഓഗസ്റ്റ് 15ന് കൂടിക്കാഴ്ച നടത്തും. അലാസ്‌കയിൽ വച്ച് പുടിനുമായുള്ള കൂടിക്കാഴ്‌ച നടത്തുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിന്റെ ഭാഗമായിട്ടായിരിക്കും കൂടിക്കാഴ്ച. കരാറിൽ പ്രവിശ്യാ കൈമാറ്റം ഉൾപ്പെട്ടേക്കാമെന്നും ട്രംപ് പറഞ്ഞു.
ഉച്ചകോടിക്ക് മുന്നോടിയായി വെള്ളിയാഴ്ച ചൈനയിലെയും ഇന്ത്യയിലെയും നേതാക്കളുമായി പുടിൻ കൂടിയാലോചനകൾ നടത്തിയിരുന്നു. 2021 ജൂണിൽ ജനീവയിൽ വച്ച് ജോ ബൈഡൻ പുടിനെ സന്ദർശിച്ചതിനുശേഷം നടക്കുന്ന യുഎസ് - റഷ്യൻ പ്രസിഡന്റുമാർ തമ്മിലുള്ള ആദ്യ ഉച്ചകോടിയായിരിക്കും അലാസ്കയിലേത്.
യുക്രെയിൻ യുദ്ധത്തിൽ 12 ദിവസത്തിനുള്ളിൽ സമാധാന കരാറിൽ എത്തിയില്ലെങ്കിൽ റഷ്യക്കുമേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധം നീട്ടിക്കൊണ്ടുപോകുന്ന പുടിന്‍റെ നിലപാടിൽ അമർഷം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ അന്ത്യശാസനം.
50 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്ന് ഈ മാസമാദ്യം ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ത്യശാസനം നൽകുന്ന 'പതിവ് പരിപാടി'യുമായി ട്രംപ് വരേണ്ടെന്നും അമേരിക്ക ഉൾപ്പെടുന്ന ഒരു യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നുമായിരുന്നു പുടിന്റെ അടുത്ത സുഹൃത്തും മുൻ റഷ്യൻ പ്രസിഡന്റുമായ ദിമിത്രി മെദ്‌വദേവിന്റെ പ്രതികരണം.