വിദ്യാർത്ഥി സംഘടനയുടെ സ്ഥാപകദിനത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കാൻ സർക്കാർ നിർദേശം; നിരസിച്ച് സർവകലാശാല, ബംഗാളിൽ കാറ്റ് മാറി വീശുന്നു
കൊൽക്കത്ത: തൃണമൂൽ വിദ്യാർത്ഥി സംഘടനാ സ്ഥാപക ദിനത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം നിരസിച്ച് കൽക്കട്ട സർവകലാശാല. ചാൻസലർ കൂടിയായ ഗവർണർ കടുത്ത നിലപാട് സ്വീകരിതോടെ വൈസ് ചാൻസലർ സിൻഡിക്കേറ്റ് യോഗം വിളിച്ച് സർക്കാർ നിർദേശത്തിനെതിരായ തീരുമാനമെടുപ്പിച്ചു. സർവകലാശാലയുടെ സ്വയംഭരണാവകാശം സംരക്ഷിക്കുന്നതിൽ നിർണായകമായ ഈ തീരുമാനം സംസ്ഥാനത്തും രാജ്യമൊട്ടാകയും അക്കാദമികരംഗത്ത് ചർച്ചാവിഷയമായി.
കൽക്കട്ട സർവകലാശാല ഓഗസ്റ്റ് 28ന് നടത്താനിരുന്ന ബി.കോം, എൽ.എൽ.ബി പരീക്ഷകൾ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ തൃണമൂൽ ഛത്ര പരിഷത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് പുനഃക്രമീകരിക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലയോട് നിർദേശിച്ചിരുന്നു.
വൈസ് ചാൻസലർ പ്രൊഫ. ശാന്ത ദത്ത വിവരം ചാൻസലർ കൂടിയായ ഗവർണർ ഡോ. സി വി ആനന്ദബോസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ചാൻസലറുടെ നിർദേശപ്രകാരം അവർ അതിനായി സിൻഡിക്കേറ്റ് യോഗം വിളിച്ചു. വൈസ് ചാൻസലർ ശക്തമായ നിലപാട് സ്വീകരിതോടെ സർക്കാർ നിർദേശം നിരസിക്കാൻ സിൻഡിക്കേറ്റ് നിർബന്ധിതമായി. അങ്ങനെ പരീക്ഷകൾ നിശ്ചയപ്രകാരം തുടരുന്നതിന് അനുകൂലമായി തീരുമാനമെടുപ്പിക്കുന്നതിൽ അവർ വിജയിച്ചു.
ഒരു വിദ്യാർത്ഥി സംഘടനയുടെ സ്ഥാപക ദിനത്തെക്കുറിച്ച് സംസ്ഥാന സർക്കാർ സർവകലാശാലയ്ക്ക് കത്തെഴുതുന്നത് അഭൂതപൂർവമാണ്. സർക്കാർ നിർദേശത്തിനെതിരെ വിസിയും സിൻഡിക്കേറ്റും തീരുമാനമെടുക്കുന്നതും അപൂർവ സംഭവം. പരീക്ഷ ക്രമീകരിക്കുന്നതിനേക്കാൾ സർവകലാശാല അതിന്റെ സ്വയംഭരണം സംരക്ഷിക്കുന്നതിൽ കാട്ടിയ ജാഗ്രതയാണ് ബംഗാളിലെ അക്കാദമിക വൃത്തങ്ങളിൽ പുതിയ ഉണർവുണ്ടാക്കിയത്.
'സർവകലാശാലയുടെ സ്വയംഭരണവും നഷ്ടപ്രതാപവും വീണ്ടെടുക്കുന്നതിൽ ഏറ്റവും നിർണായകവും ധീരവുമായ നിലപാട്' എന്നാണ് ബംഗാളിലെ മാദ്ധ്യമങ്ങൾ ഈ തീരുമാനത്തെ പ്രകീർത്തിച്ചത്. 'ഭയവും ഭീഷണിയും അഴിമതിയും കൊണ്ട് അദ്ധ്യാപകർ വലയുന്ന സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സിൻഡിക്കേറ്റ് എടുത്ത തീരുമാനം അഭൂതപൂർവമാണ്' ഒരു രാഷ്ട്രീയ നിരൂപകൻ ചാനൽ ചർച്ചയിൽ പറഞ്ഞു. തീരുമാനത്തെ പിന്തുണച്ച് കൽക്കട്ട യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷനും (സിയുടിഎ) പ്രസ്താവന പുറപ്പെടുവിച്ചു.