ഇന്ന് കർക്കടകത്തിലെ തിരുവോണം, കുട്ടികൾക്കായി ഒരു ദിവസം, പിള്ളേരോണം ആഘോഷിക്കുന്നതിനുപിന്നിൽ
ഇന്ന് പിള്ളേരോണം. കർക്കടക മാസത്തിലെ തിരുവോണ നാളിലാണ് കേരളത്തിലങ്ങോളമിങ്ങോളം പിള്ളേരോണം ആഘോഷിക്കുന്നത്. ചിലപ്പോൾ പിള്ളേരോണം എന്ന് കേൾക്കുന്നവരും ചുരുക്കമായിരിക്കും. പിള്ളേരോണം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് ചില വിശ്വാസങ്ങൾ പണ്ടുമുതൽക്കേ നിലനിന്നിരുന്നു. പണ്ടുകാലങ്ങളിൽ തിരുവോണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ഈ ദിവസം മുതല്‍ ആരംഭിക്കുമായിരുന്നുവെന്നാണ് വിശ്വാസം.
ചിങ്ങമാസത്തിലെ തിരുവോണം മാവേലിയുടേതെങ്കില്‍ കര്‍ക്കടകത്തിലെ പിള്ളേരോണം വാമനന്റേതാണെന്ന് പറയുന്നവരുമുണ്ട്. അതിനാൽത്തന്നെ പിള്ളേരോണത്തിന് നിറയെ പ്രത്യേകതകളുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ ദിവസത്തില്‍ ഓണം ആഘോഷിക്കുന്നത്. സാധാരണ ഓണം എന്നതുപോലെത്തന്നെ കോടിയുടുത്ത് സദ്യയൊരുക്കി തന്നെയാണ് പിള്ളേരോണവും ആഘോഷിക്കുന്നത്. എന്നാല്‍ ഇന്നത്തെ തലമുറക്ക് പിള്ളേരോണം വെറും വാക്കിൽ മാത്രമായി അകന്നുനിൽക്കുകയാണ്.
മാമാങ്കവും പിള്ളേരോണവും തമ്മില്‍ വലിയ ബന്ധമുണ്ട്. സാമൂതിരിയുടെ ഭരണകാലത്ത് തിരുന്നാവായയില്‍ ആണ് മാമാങ്കം അരങ്ങേറുന്നത്. കര്‍ക്കടക മാസത്തിലെ പിള്ളേരോണം മുതലായിരുന്നു മാമാങ്കത്തിന് തുടക്കം കുറിച്ചിരുന്നത്. വലിയ ആഘോഷങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഓണത്തിന്റെ ആചാരങ്ങളെല്ലാം പാലിച്ചു തന്നെയായിരുന്നു പിള്ളേരോണവും ആഘോഷിച്ചിരുന്നത്. ഓണത്തിന് നല്‍കുന്ന എല്ലാ പ്രാധാന്യവും പിള്ളേരോണത്തിനും നല്‍കിയിരുന്നു.
വാമനനും പിള്ളേരോണവും തമ്മിലും ബന്ധമുണ്ട്. അത് ഇപ്രകാരമാണ്. തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ തുടക്കം എന്ന് പറയുന്നത് തന്നെ പിള്ളേരോണത്തിന് തുടങ്ങി 28 ദിവസമായിരുന്നു. ഓരോ ദിവസവും ഓരോ പ്രത്യേകതകളോടെയാണ് നാം ഓണം ആഘോഷിക്കുന്നത്. അതുപോലെ തന്നെ കര്‍ക്കടക മാസത്തില്‍ വളരെ പ്രധാനപ്പെട്ട ദിവസമാണ് പിള്ളേരോണത്തിന്റേതും.
തിരുവോണത്തിനുള്ള പോലെ വലിയ ആഘോഷങ്ങൾ ഒന്നും ഇന്നത്തെ ദിവസത്തിന് ഇല്ലെങ്കിലും മുറ്റത്തു ചെറിയപൂക്കളം ഒരുക്കുന്ന പതിവുണ്ട്. പണ്ടുകാലങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിങ്കരമായ ഉണ്ണിയപ്പം ഈ ദിവസങ്ങളിൽ അമ്മമാർ തയാറാക്കുമായിരുന്നു. ചിലയിടങ്ങളിൽ കുട്ടികളെല്ലാം ഒത്തുച്ചേർന്ന് കൈകളിൽ മൈലാഞ്ചി അണിയുന്ന പതിവും ഉണ്ട്.