കുൽഗാമിൽ  ഭീകരരുമായി  ഏറ്റുമുട്ടൽ;  രണ്ട്  സൈനികർക്ക്  വീരമൃത്യു

Saturday 09 August 2025 10:55 AM IST

ശ്രീനഗർ: കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ലാൻസ് നായിക് പ്രീതിപാൽ സിംഗ്, ശിപായി ഹർമീന്ദർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. സേനയിലെ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒമ്പത് ദിവസമായി വനമേഖലയിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ഭീകരവിരുദ്ധ പ്രവ‌ർത്തനങ്ങളുടെ ഭാഗമായി തുടരുന്ന ഓപ്പറേഷന്റെ ഭാഗമായിട്ടാണ് പൊലീസും സൈന്യവും സംയുക്തമായി വനമേഖലയായ അഖലിൽ പരിശോധന നടത്തുന്നത്.

വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് തെരച്ചിൽ ആരംഭിക്കുകയായിരുന്നു. തെരച്ചിൽ നടപടികൾക്കിടെ രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. ഭീകരരെ കണ്ടെത്തുന്നതിനായി ഡ്രോൺ സംവിധാനവും ഉപയോഗിച്ചു. ഭീകരർ ഒളിത്താവളത്തിലേക്ക് പോയ സാഹചര്യത്തിലാണ് മേഖലയിൽ ഡ്രോൺ ഉപയോഗിച്ച് ബോംബുകൾ വർഷിച്ചു കൊണ്ട് ആക്രമണം നടത്തി. ഈ ഓപ്പറേഷനിടെയാണ് രണ്ട് സൈനികർ വീരമൃത്യു വരിച്ചുവെന്ന വാർത്ത സേന സ്ഥിരീകരിച്ചത്. അതേസമയം ജമ്മുവിലെ കിഷ്ത്വാറിൽ ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി 12 ഇടങ്ങളിൽ സുരക്ഷാസേനയുടെ പരിശോധനയും പുരോഗമിക്കുകയാണ്.