'നമ്മൾ ചെയ്യുന്നത് പുണ്ണ് മാന്തലാണ് അത് വലിയ മുറിവുകൾ ഉണ്ടാക്കും, അടൂർ പറയുന്ന കാര്യങ്ങളിൽ കഴമ്പുണ്ടോ എന്ന് അന്വേഷിക്കുക'

Saturday 09 August 2025 11:36 AM IST

അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ചലച്ചിത്രകാരൻ അഭിലാഷ് ബാബു. ആലോകം: റേഞ്ച്സ് ഓഫ് വിഷൻ, മായുന്നു മാറിവരയുന്നു നിശ്വാസങ്ങളിൽ തുടങ്ങിയ സ്വതന്ത്ര സിനിമകളിലൂടെ അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ ശ്രദ്ധേയനായ സംവിധായകനാണ് അഭിലാഷ് ബാബു. ഫിലിം കോൺക്ലേവിന്റെ സമാപനവേദിയിൽ വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ വിവാദ പരാമർശം നടത്തിയെന്ന പേരിൽ വിമർശനങ്ങൾ ആളിപടരുകയാണ്. ഈ സാഹചര്യത്തിൽ സംവിധായകൻ അഭിലാഷ് ബാബു അദ്ദേഹത്തിന്റെ നിരീക്ഷണം കേരളകൗമുദി ഓൺലൈനുമായി പങ്കു വച്ചിരിക്കുകയാണ്.

എന്തിനേയും സെൻസേഷണലൈസ് ചെയ്യണം എന്ന വാശിയുള്ള സമൂഹമായി നമ്മുടേത് മാറിയതുപോലെ തോന്നുന്നു എന്നാണ് അഭിലാഷ് ബാബു പറയുന്നത്. അഭിപ്രായം സമഗ്രമായി പറയാൻ പറ്റുമോ എന്നോ അതിന് പ്രയോജനമുണ്ടോ എന്നോ അറിയില്ലെന്ന് അദ്ദേഹം പറയുന്നു. ഫ്യൂഡൽ മൂല്യങ്ങൾ പ്രബലമായിരുന്ന ഒരു കാലത്ത് ബാല്യം ചിലവിട്ട ഒരു മനുഷ്യന് ജെൻ സി മൂല്യവ്യവസ്ഥയുടെ ഭാഷയിൽ സംസാരിക്കാൻ കഴിയില്ല. നമുക്ക് പറ്റിയാൽ ആ മനുഷ്യൻ പറയുന്ന കാര്യങ്ങളിൽ കഴമ്പുണ്ടോ എന്ന് അന്വേഷിക്കുക. ഉണ്ടെങ്കിൽ അത് സ്വീകരിക്കുക. നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത് പുണ്ണ് മാന്തലാണ്. അത് വലിയ മുറിവുകൾ ഉണ്ടാക്കും. അഭിലാഷ് ബാബു പറഞ്ഞു.

പറയുന്ന ഭാഷയും സമീപനവും തുടർന്ന് നടത്തിയ പ്രതികരണവും ഒന്നും ന്യായീകരിക്കത്തക്കതല്ല. പക്ഷേ ഇപ്പോൾ നടക്കുന്നത് വിവാദ വ്യവസായത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. ഇതാകരുത് നമ്മുടെ പ്രധാന ചർച്ചാവിഷയം എന്നേ പറയാനുള്ളൂ. ഇത് എല്ലാ വിഷയങ്ങളെയും സംബന്ധിച്ച അഭിപ്രായമാണ്. മലയാള സിനിമയുടെ നവീകരണവുമായി ബന്ധപ്പെട്ട് അനേകം റിപ്പോർട്ടുകൾ, വിദഗ്ദ്ധാഭിപ്രായങ്ങളൊക്കെ നിലവിലുണ്ട്.

സിനിമാ കോൺക്ലേവിലും അത് നല്ല രീതിയിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട്. സിനിമയുടെ വിവിധ മേഖലകളിൽ നിന്നുള്ള അഭിപ്രായങ്ങൾ സമാഹരിച്ച് കേരളത്തിന്റെ മുന്നോട്ടു പോക്കിന് അവ നടപ്പാക്കുകയാണ് വേണ്ടത്. അവ നടക്കാതിരിക്കാൻ നിർബന്ധബുദ്ധി പ്രവർത്തിക്കുന്നുണ്ടോ എന്ന് തോന്നും എന്തിനെയും വിവാദമാക്കാനുള്ള നിലപാടുകൾ കണ്ടാൽ. വേണ്ടുന്ന കാര്യങ്ങൾ ചർച്ച ചെയ്തു മുന്നോട്ടുപോകുന്നതാണ് ഒരു സമൂഹം എന്ന നിലയിൽ നമുക്ക് നല്ലത്. ചർച്ചചെയ്യാനും നടപ്പാക്കാനും സിനിമയുമായി ബന്ധപ്പെട്ട് അത്രയേറെ വിഷയങ്ങൾ നിലവിലുണ്ട്. അഭിലാഷ് ബാബു കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.