ഇന്ത്യൻ വസ്‌ത്രം ധരിച്ചെത്തുന്നവരെ പ്രവേശിപ്പിക്കില്ല; ഡൽഹിയിലെ ഹോട്ടലിനെതിരെ ദമ്പതികൾ

Saturday 09 August 2025 1:11 PM IST

ന്യൂഡൽഹി: ഇന്ത്യൻ വസ്‌ത്രം ധരിച്ചെത്തിയ ദമ്പതിമാർക്ക് ഡൽഹിയിലെ ഒരു ഭക്ഷണശാലയിൽ പ്രവേശനം നിഷേധിച്ചതായി ആരോപണം. ഡൽഹിയിലെ പീതംപുരയിലുള്ള റെസ്‌റ്റോറന്റിനെതിരെയാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

റെസ്റ്റോറന്റ് മാനേജർ തങ്ങളോട് മോശമായി പെരുമാറിയെന്നും ദമ്പതികൾ പറഞ്ഞു. ഇന്ത്യൻ വസ്‌ത്രം ധരിച്ചവരെ പ്രവേശിപ്പിക്കാത്ത റെസ്റ്റോറന്റിന് പ്രവർത്തിക്കാൻ അനുവാദമില്ലെന്നും അത് അടച്ചുപൂട്ടണമെന്നും വീഡിയോ പകർത്തിയയാൾ പറയുന്നതും കേൾക്കാം. വീഡിയോ പ്രചരിച്ചതോടെ ഡൽഹി കാബിനറ്റ് മന്ത്രി കപിൽ മിശ്ര വിഷയത്തിൽ ഇടപെടുകയും മുഖ്യമന്ത്രി രേഖ ഗുപ്‌തയെ വിഷയം അറിയിക്കുകയും ചെയ്‌തു. മുഖ്യമന്ത്രി വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടനടി നടപടിയെടുക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും കപിൽ മിശ്ര വ്യക്തമാക്കി.

അതേസമയം, ടേബിൾ ബുക്ക് ചെയ്‌തിരുന്നില്ലെന്നും അതിനാലാണ് പ്രവേശനം നിഷേധിച്ചതെന്നും റസ്റ്റോറന്റ് ഉടമ നീരജ് അഗർവാൾ അവകാശപ്പെട്ടു. റെസ്റ്റോറന്റിന് വസ്‌ത്രധാരണത്തിൽ പ്രത്യേക നിയമങ്ങളില്ലെന്നും എല്ലാ ഉപഭോക്താക്കളെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.