മെലിഞ്ഞ് അവശനായി അലൻസിയർ,​ നടന് മാരക രോഗമോ?​ പ്രതികരിച്ച് സംവിധായകൻ

Saturday 09 August 2025 3:16 PM IST

കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടൻ അലൻസിയറെ ചുറ്റിപ്പറ്റിയുള്ള ചർച്ച സോഷ്യൽ മീഡിയയയിൽ നടന്നുവരികയാണ്. അലൻസിയർ പൊലീസ് വേഷം ധരിച്ചുനിൽക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടതോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ആരംഭിച്ചത്.

ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന 'വേറെ ഒരു കേസ്' എന്ന സിനിമയിൽ നിന്നുള്ള ചിത്രമായിരുന്നു അത്. ചിത്രത്തിൽ അദ്ദേഹം മെലിഞ്ഞ് വളരെ ക്ഷീണിതനായിട്ടായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ അലൻസിയർക്ക് എന്തുപറ്റി എന്ന ചോദ്യം ആരാധകരിൽ നിന്നുയർന്നു.

അലൻസിയറിന് മാരകമായ എന്തെങ്കിലും അസുഖമുണ്ടോയെന്നായിരുന്നു ഏവർക്കുമറിയേണ്ടിയിരുന്നത്. എന്നാൽ അത്തരം ചോദ്യങ്ങളോടൊന്നും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ആരാധകരുടെ ഈ ചോദ്യങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് സംവിധായകൻ ഷെബി ചൗഘട്ട്. അലൻസിയർ പൂർണ ആരോഗ്യവാനാണെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ചിത്രത്തിലെ വേഷത്തെക്കുറിച്ച് സംസാരിക്കാൻ അലൻസിയറെ കാണാൻ പോയ സമയത്ത് അൽപം വണ്ണം കുറയ്ക്കണമെന്ന് തമാശയ്ക്ക് പറഞ്ഞിരുന്നു. ഇതിനായി കുറച്ച് ടിപ്സും പറഞ്ഞുകൊടുത്തു. പിന്നീട് അദ്ദേഹത്തെ 'വേറെ ഒരു കേസ്' സിനിമയുടെ ലൊക്കേഷനിൽവച്ചാണ് കാണുന്നത്. കണ്ടപ്പോൾ ഞെട്ടിപ്പോയി. എന്തെങ്കിലും അസുഖമുണ്ടോയെന്ന് ചോദിച്ചപ്പോൾ സിനിമയ്ക്ക് വേണ്ടി ഡയറ്റിലായിരുന്നെന്നാണ് അലൻസിയർ പറഞ്ഞതെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു. ഷൂട്ടിംഗ് തുടങ്ങിയപ്പോൾ അർദ്ധരാത്രി വരെ അദ്ദേഹം ഊർജ്ജസ്വലനായിരുന്നു. മാത്രമല്ല ദിവസങ്ങൾക്ക് മുമ്പ് ഡബ്ബിംഗിനെത്തിയപ്പോഴും പൂർണ ആരോഗ്യവാനായിരുന്നെന്നും സംവിധായകൻ വ്യക്തമാക്കി.