ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് ഒരുകുടുംബത്തിലെ ഏഴുപേർ മരിച്ചു, ഒരാൾക്ക് ഗുരുതരം

Saturday 09 August 2025 4:47 PM IST

ന്യൂഡൽഹി: ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് ഒരുകുടുംബത്തിലെ ഏഴുപേർ മരിച്ചു. തെക്കുകിഴക്കൻ ഡൽഹിയിലെ ഹരിഹർ നഗറിലായിരുന്നു സംഭവം. എട്ടുപേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഒരാൾ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ഷബീബുൾ (30), റബീബുൾ (30), മുത്തു അലി (45), റുബിന (25), ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്.

കനത്ത മഴയാണ് അപകടത്തിന് ഇടയാക്കിയത്. രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം. ഇന്ന് രാവിലെ ഏഴ് മണി മുതൽ കനത്ത മഴയാണ് ഡൽഹിയിലും പരിസരങ്ങളിലും അനുഭവപ്പെടുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും എട്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴുപേരും മരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആളിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

പ്ലാസ്​റ്റിക് ഷീ​റ്റുകൾ ഉപയോഗിച്ച് മറച്ചുണ്ടാക്കിയ കുടിലുകളിൽ താമസിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയ്ക്കിടെ കുടിലുകൾക്ക് മുകളിലേക്ക് ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. അപകടമുണ്ടായി അരമണിക്കൂറോളം കഴിഞ്ഞാണ് ആളുകൾ സംഭവം അറിഞ്ഞത്. ഇതിനുശേഷമായിരുന്നു രക്ഷാപ്രവർത്തനം തുടങ്ങിയത്. അതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്. എൻഡിആർഎഫും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടമുണ്ടായ സ്ഥലത്തുനിന്നും ആൾക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.