മോഷണശ്രമം; കൈയോടെ പിടികൂടി നാട്ടുകാർ

Sunday 10 August 2025 12:18 AM IST

വൈക്കം : മോഷണത്തിനായി വീട്ടിൽക്കയറിയ അന്യസംസ്ഥാനക്കാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ശനിയാഴ്ച പുലർച്ചെ ഇറുമ്പയം കല്ലുവേലി യിൽ റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ കല്ലുവേലി രാജേന്ദ്രന്റെ വീട്ടിലാണ് സംഭവം. രാത്രി ഒന്നിന് ശേഷമാണ് നിക്കർ മാത്രം ധരിച്ച് അസം സ്വദേശിയായ യുവാവ് വീട്ടിനുള്ളിൽ കയറിയത്. ശബ്ദം കേട്ട് ഉണർന്ന വീട്ടുടമ അയൽവാസിയും സുഹൃത്തുമായ എം.ആർ ഷാജിയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് കൂട്ടുകാരുമായി എത്തി മോഷ്ടാവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. വെള്ളൂർ എസ്.ഐ ശിവദാസന്റെ നേതൃത്വത്തിൽ പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് തിരുട്ടു ഗ്രാമ മോഷ്ടാക്കൾ വെള്ളൂരിൽ പിടിയിലായിരുന്നു. സംഭവത്തിന് ശേഷം പഞ്ചായത്തും, പൊലീസും ചേർന്ന് അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന കർശനമാക്കിയിരുന്നു. പിന്നീട് ഇത് നിലച്ചതാണ് മോഷണങ്ങൾ പെരുകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. വെള്ളൂരിലെ തൊഴിലാളി ക്യാമ്പുകൾ മോഷ്ടാക്കളുടെ സുരക്ഷിത കേന്ദ്രമായി മാറിയെന്നാണ് ആരോപണം.