കടുത്ത ശിക്ഷ നൽകണം
കുഞ്ഞുങ്ങൾ ഭാവിയുടെ പ്രതീക്ഷയാണ്. പക്ഷെ ഓരോ ദിവസവും സംസ്ഥാനത്ത് എവിടെയെങ്കിലും കൊടിയ പീഡനം നേരിടുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള വാർത്തയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും സുരക്ഷിതമാകേണ്ട വീടിനകത്തു തന്നെയാണ് കുട്ടികൾ ഉപദ്രവം നേരിടുന്നത്. രണ്ടാനച്ഛനും രണ്ടാനമ്മയും പല കുട്ടികൾക്കും ഒരു പേടിസ്വപ്‌നമായി മാറിയിരിക്കുന്നു. ആലപ്പുഴ ചാരുംമൂട്ടിൽ അച്ഛനും രണ്ടാനമ്മയും കൂടി നിരന്തരം ഉപദ്രവിച്ച നാലാം ക്ളാസ് വിദ്യാർത്ഥിനിയുടെ അനുഭവവും കൊല്ലത്ത് ചവറയിൽ എട്ടുവയസുകാരനെ തേപ്പ് പെട്ടിക്കു പൊള്ളിച്ച രണ്ടാനച്ഛന്റെ പീഡനവുമാണ് ഏറ്റവുമൊടുവിൽ പുറത്തുവന്നത്. എന്നാൽ പുറംലോകം അറിയാത്ത എത്രയോ സംഭവങ്ങൾ നടക്കുന്നുമുണ്ട്.
ഇക്കാര്യത്തിൽ കടുത്ത നടപടിക്ക് സർക്കാർ ഒരുങ്ങുന്നുവെന്ന വിവരം വളരെ സ്വാഗതാർഹമാണ്. ഇതിനായി ഒരു കർമ്മപദ്ധതി ആവിഷ്കരിക്കും. ബന്ധുക്കളിൽ നിന്ന് ദുരനുഭവം നേരിടുന്ന കുട്ടികൾക്ക് രഹസ്യമായി പരാതി അറിയിക്കാൻ സ്‌കൂളുകളിൽ സഹായപ്പെട്ടി സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം രണ്ടാനമ്മയുടെയും രണ്ടാനച്ഛന്റെയും സംരക്ഷണത്തിൽ കഴിയുന്ന കുട്ടികളുടെ കണക്കെടുക്കുകയും ചെയ്യും. കഴിഞ്ഞ പത്തുവർഷത്തിനിടെ 43,474 കുട്ടികളാണ് അക്രമത്തിനിരയായത്. 282 കുട്ടികൾ കൊല്ലപ്പെട്ടു, 13,825 ലൈംഗിക അതിക്രമ കേസുകൾ രജിസ്റ്റർ ചെയ്തു. തട്ടിക്കൊണ്ടുപോയി തിരിച്ചു ലഭിക്കാത്ത കുട്ടികളുടെ എണ്ണം 1871 ആണ്. ഞെട്ടിക്കുന്ന കണക്കുകളാണിത്. മാതാപിതാക്കളുടെ സംരക്ഷണം ലഭിക്കുക എന്നത് കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ആ സ്‌നേഹപരിലാളനയിൽ വളരുന്ന കുട്ടികൾ മിടുക്കൻമാരും മിടുക്കികളുമായി മാറും. എന്നാൽ രണ്ടാനച്ഛന്റെയും രണ്ടാനമ്മയുടെയും കൂടെ താമസിക്കുന്ന കുട്ടികൾ പലപ്പോഴും അവഗണന നേരിടുന്നു. എല്ലാവരും അങ്ങനെയായിരിക്കുകയില്ല. എന്നാൽ വീട്ടിൽ വിവേചനം അനുഭവിക്കുന്നതും ഉപദ്രവം നേരിടേണ്ടിവരികയും ചെയ്യുമ്പോൾ ആദ്യമൊക്കെ അവർ ഭയപ്പാടോടെ മറച്ചുവയ്‌ക്കും.
കുട്ടികൾക്കു മദ്യവും കഞ്ചാവും നൽകുന്ന സംഭവങ്ങൾ പോലും ഇപ്പോൾ കേൾക്കുന്നുണ്ട്. മാനസികാരോഗ്യ തകർച്ചയുള്ള മാതാപിതാക്കളിൽ ചിലരും കുട്ടികളെ വൈകാരികമായും ശാരീരികമായും പീഡിപ്പിക്കുന്നു. ദാമ്പത്യപ്രശ്‌നങ്ങൾ കലശലാകുമ്പോൾ അത് കുട്ടികളോട് പ്രകടിപ്പിക്കുന്നവരും കുറവല്ല. വീട്ടിലെ പീഡനങ്ങൾ കുട്ടികളുടെ മനസിൽ ഗുരുതര മുറിവുകളുണ്ടാക്കും. പലരും വിഷാദത്തിനോ ആധിക്കോ അടിമപ്പെടുന്നു. ഇതെല്ലാം കുട്ടികളുടെ സ്വഭാവത്തിലും പ്രതിഫലിക്കും. അത്യന്തം ദൗർഭാഗ്യകരമായ സ്ഥിതിവിശേഷമാണിത്. ആലപ്പുഴ ചാരുംമൂട്ടിൽ രണ്ടാനമ്മയുടെ ക്രൂരപീഡനം സഹിച്ചുവന്ന എട്ടുവയസുകാരി തന്റെ അച്ഛനെ ഒന്നും ചെയ്യരുതെന്നും, തന്നെ ഇനി ഉപദ്രവിക്കരുതെന്ന് വിലക്കിയാൽ മതിയെന്നും അഭ്യർത്ഥിച്ചത് കുഞ്ഞുങ്ങളുടെ നിർമ്മല മനസിന്റെ പ്രതീകമാണ്. ഈ ക്രൂരതകളൊക്കെ നേരിടുമ്പോഴും നന്നായി പഠിക്കുകയും സ്‌കൂൾ ലീഡറായി പ്രവർത്തിക്കുകയും ചെയ്യുന്ന ആ കുട്ടിയുടെ ജീവിതാനുഭവം ആരുടെയും കരളലിയിപ്പിക്കുന്നതാണ്.
ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കപ്പെടാൻ പാടില്ല. കണക്കെടുപ്പും കർമ്മപദ്ധതിയുമൊക്കെ ആവിഷ്കരിക്കുന്നത് നല്ലതാണ്. എന്നാൽ അത് ഫലപ്രദമായി നടപ്പിൽ വരുത്തണം. കുഞ്ഞുങ്ങളോടു ക്രൂരത കാട്ടുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ നൽകണം. ഇത്തരം തെറ്റുകൾ രണ്ടാമതൊരാൾ ആവർത്തിക്കാതിരിക്കാൻ കഠിന ശിക്ഷ അനിവാര്യമാണ്. സ്‌കൂളുകളിൽ അദ്ധ്യാപകരോട് ഇത്തരം കാര്യങ്ങൾ തുറന്നുപറയാൻ കുട്ടികൾക്കു ബോധവത്‌കരണം നൽകണം. തദ്ദേശ സ്ഥാപനങ്ങൾക്കും റസിഡന്റ്സ‌് അസോസിയേഷനുകൾക്കും ഈ വിഷയത്തിൽ ഇടപെടാൻ കഴിയും. തങ്ങളുടെ പ്രദേശത്തെ വീടുകളിൽ ഇത്തരം ക്രൂരതകൾ ഉണ്ടാകുന്നുണ്ടോയെന്ന് അവർക്കു നിരീക്ഷിക്കാൻ കഴിയും. ബോധവത്‌കരണം നടത്താൻ കഴിയും. വീട്ടിനുള്ളിൽ കയറി നോക്കണമെന്നല്ല പറയുന്നത്. വീട്ടിനു പുറത്ത് നല്ല ബോധവത്‌കരണം ഉണ്ടായാൽത്തന്നെ അത് വലിയ തോതിൽ ഗുണം ചെയ്യും.