ടേക്ക് ഓഫിന് മുമ്പ് എമർജൻസി എക്‌സിറ്റ് തുറന്ന് യാത്രക്കാരൻ; കാരണം കേട്ട് ഞെട്ടി അധികൃതർ

Saturday 09 August 2025 8:56 PM IST

ലക്‌നൗ: ടേക്ക് ഓഫിന് തൊട്ടുമുൻപ് വിമാനത്തിലെ എമർജൻസി എക്സിറ്റ് ഹാൻഡിലിന്റെ കവർ തുറന്ന് യാത്രക്കാരൻ. വ്യാഴാഴ്ച രാത്രി വാരാണസി ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. 7.55ന് ബംഗളൂരുവിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു അകാസ എയർലൈൻസിന്റെ വിമാനം. ഇതിനിടെ യാത്രക്കാരനായ ഉത്തർപ്രദേശ് സുൽത്താൻപുർ സ്വദേശി അജയ് തിവാരി ഹാൻഡിലിന്റെ കവർ തുറക്കുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട ജീവനക്കാരൻ ഉടനെ പൈലറ്റിനെ വിവരമറിയിച്ചു. പൈലറ്റ് എയർട്രാഫിക് കൺട്രോളിലേക്ക് വിവരം കൈമാറി. വിമാനം ഉടൻ റൺവേയിൽനിന്ന് ഏപ്രണിലേക്ക് മാറ്റി. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയശേഷം ഒരുമണിക്കൂറോളം വൈകിയാണ് വിമാനം പുറപ്പെട്ടത്. 16 A സീറ്റിലാണ് അജയ് തിവാരി ഇരുന്നത്.

എയർലൈൻസിന്റെ പരാതിയിൽ അജയ് തിവാരിക്കെതിരെ കേസെടുത്തെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലെ സിമന്റ് ഫാക്ടറിയിൽ ബൂംലിഫ്റ്റ് ഓപ്പറേറ്ററാണ് അജയ്. ഇയാളുടെ ആദ്യത്തെ വിമാനയാത്രയായിരുന്നു ഇത്. എമർജൻസി വാതിലിനടുത്തെ സീറ്റാണ് ലഭിച്ചത്. എമർജൻസി എക്സിറ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാനായി അബദ്ധത്തിൽ തുറന്നതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.