ഇനി ഉള്ളി അരിഞ്ഞാൽ കരയില്ല; പുതിയ ഇനം വികസിപ്പിച്ചെടുത്ത് ഗവേഷകർ, പ്രത്യേകത

Saturday 09 August 2025 9:16 PM IST

അടുക്കളയിൽ ഏറ്റവും അത്യാവശ്യമുള്ള വസ്തുക്കളിൽ ഒന്നാണ് ഉള്ളി. രുചികരമായ വിഭവങ്ങൾക്ക് ഉള്ളി ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ്. ആരോഗ്യത്തിനും ഗുണകരമായ നിരവധി കാര്യങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ജലാംശത്താൽ സമ്പന്നമായ സവാളയിലെ പ്രധാന ഘടകങ്ങളിൽ ഒന്ന് നാരുകളാണ്. കൂടാതെ സവാളയിൽ കാലറി വളരെ കുറവാണ്. ധാരാളം ഫെെബറും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കും. ദഹനം മെച്ചപ്പെടുത്തുന്നതിനും സവാള നല്ലതാണ്.

പക്ഷേ, ഉള്ളി അരിയുമ്പോൾ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് കണ്ണുനീർ വരുന്നത്. അത് തടയാൻ എന്തെങ്കിലും വഴിയുണ്ടോ ?ഉണ്ടല്ലോ, കണ്ണുനീരിന് കാരണമാകാത്ത ഉള്ളി ! ' സണിയൻസ് " എന്ന ബ്രാൻഡ് നാമത്തിലുള്ള ഇവ യു.എസിൽ വളർത്തിയെടുക്കുന്നതും കണ്ണിന് അസ്വസ്ഥതയുണ്ടാക്കാത്ത തരം ആദ്യത്തെ ഇനവുമാണ്. നെവാഡയിലും വാഷിംഗ്ടണിലും ആദ്യമായി വളർത്തിയെടുത്ത ഇവ 2018 മുതൽ യു.എസ് വിപണിയിൽ ലഭ്യമാണ്. 2022ൽ വെയ്റ്റ്‌റോസ് സൂപ്പർ മാർക്കറ്റ് ശൃംഖല ബ്രിട്ടനിലും ഇവയെ എത്തിച്ചു.

ഉള്ളി ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇവ അനുയോജ്യമാണ്. സാധാരണ ഉള്ളിയുടെ മറ്റെല്ലാ ഗുണങ്ങളും ഇവയ്ക്കുണ്ട്. വിവിധയിനം ഉള്ളികളിലെ ക്രോസ് ബ്രീഡിംഗിലൂടെയാണ് ഇവ വികസിപ്പിച്ചിരിക്കുന്നത്. ഉള്ളി അരിയുമ്പോൾ നമ്മുടെ കണ്ണുകളിൽ സൾഫെനിക് ആസിഡ് രൂപപ്പെടുന്നതാണ് അസ്വസ്ഥതകൾക്കിടയാക്കുന്നത്. ഉള്ളി സിൻ - പ്രൊപ്പനെതിയൽ എസ് - ഓക്സൈഡ് എന്ന രാസവസ്തു പുറപ്പെടുവിക്കുകയും ഇത് നമ്മുടെ കണ്ണിലെ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് കണ്ണുനീർ പുറത്തുവരാൻ കാരണമാവുകയും ചെയ്യുന്നു. എന്നാൽ ഈ പ്രക്രിയ കണ്ണിന് ഹാനികരമാകുന്നില്ല.