ദർശനത്തിനെത്തിയത് ലക്ഷങ്ങൾ, നാലമ്പല തീർത്ഥാടനം അവസാന ഘട്ടത്തിലേക്ക്
കർക്കടകം ഒന്ന് മുതൽ ആരംഭിച്ച നാലമ്പല തീർത്ഥാടനം അവസാന ദിനങ്ങളിലേക്ക് . ഇതിനകം തന്നെ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് തൃശൂരിലെ നാലമ്പലങ്ങളായ തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കൂട കൂടൽ മാണിക്യ ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മ ണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ഒരേ ദിവസം ദർശനത്തിനായി എത്തിചേർന്നത്. മുൻ വർഷത്തേക്കാൾ ഇരട്ടിയിലധികം പേരാണ് ഇവിടങ്ങളിൽ ദർശനത്തിനെത്തിയത്.
ദശരഥപുത്രൻമാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നത് പുണ്യമായാണ് ഭക്തർ കാണുന്നത്. ശ്രീരാമക്ഷേത്രമായ തൃപ്രയാറിൽ തൊഴുന്നതോടെയാണ് നാലമ്പല ദർശനം തുടങ്ങുന്നത്. രാവിലെ നിർമ്മാല്യം തൊഴുതു രാമാനുഗ്രഹവും വാങ്ങിയാണ് ഭക്തർ മറ്റു മൂന്നിടത്തും യാത്ര ചെയ്തെത്തുക. തൃപ്രയാറിൽ തുടങ്ങി ഇരിങ്ങാലക്കുട കൂടൽമാണിക്യം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിൽ തൊഴുത് തൃപ്രയാറിൽ തന്നെ അവസാനിപ്പിക്കുന്നതാണ് നാലമ്പല തീർത്ഥാടനം.
ചേറ്റുവ മണപ്പുറത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതാണ് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം. ശ്രീരാമനാമധേയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് ചതുർബാഹുവായ വിഷ്ണുവാണ്. കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. കേരളത്തിലെ എറ്റവും വലിയ ദേവ മേള നടക്കുന്ന ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്നതും തൃപ്രയാർ തേവരാണ്. കൃഷ്ണപക്ഷത്തിലെ എകാദശിയാണ് പ്രധാന വിശേഷം. തൃപ്രയാറിൽ ദർശനം നടത്തുന്നവർ വെടിവഴിപാടു നടത്താൻ മറക്കരുത്. ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഇതു വളരെ ഫലപ്രദമാണ്.
ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിൽ ഭരതനാണ് പ്രതിഷ്ഠ. ശിവക്ഷേത്രത്തിനു യോജിച്ച വിധത്തിലാണ് ഇവിടത്തെ ചടങ്ങുകൾ നടക്കുന്നത്. ഉപദേവൻമാരായി ഇവിടെ ആരുടെയും പ്രതിഷ്ഠയില്ല. ഭഗവാന് എറ്റവും ഇഷ്ടം താമരമാലയാണ്. ഇതു വഴിപാടായി ചെയ്താൽ കാര്യസിദ്ധി ഉറപ്പാണെന്നു പറയാം. വേറിട്ട വഴിപാടുകളിലൊന്നാണ് വഴുതന നിവേദ്യം.
ആലുവയ്ക്ക് പടിഞ്ഞാറായി പാറക്കടവിലാണ് മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം. ലക്ഷ്മണ പെരുമാളെ മൂന്നാമതായി വണങ്ങാൻ ഭക്തർ ഉച്ചയോടെയാണെത്തുക. നദിയുടെ തെക്കേക്കരയിൽ പടിഞ്ഞാറ് ദർശനമായിട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂഴിക്കുളത്തപ്പന്റെ ശക്തി അക്ഷീണമായി എന്നെന്നും ശോഭിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു. ലക്ഷ്മണ സ്വാമിയെ പ്രാർത്ഥിച്ച് ഇഷ്ടപ്പെട്ട കാര്യം സാധിച്ചശേഷം ഭക്തർ നടത്തുന്ന വഴിപാടാണ് തിരുവോണം പ്രസാദ ഊട്ട്. മഹാഗണപതിക്ക് ഒറ്റയപ്പം വഴിപാടുമുണ്ട്.
സുദർശന ചക്രത്തിന്റെ അവതാരമാണ് ശത്രുഘ്നൻ. ശംഖ്, ചക്രം, ഗദ, പത്മം, എന്നിവയോടു കൂടിയ പ്രതിഷ്ഠയാണ് പായമ്മൽ ശത്രുഘ്ന ക്ഷേത്രത്തിൽ. സുദർശന ചക്രം നടക്കുവെക്കൽ, സുദർശന പുഷ്പാജ്ഞലി, സംഖാഭിഷേകം, തുലാഭാരം എന്നിവയാണ് വഴിപാടുകൾ. മുഖമണ്ഡപത്തിൽ ശ്രീരാമ ഭക്തനായ ഹനുമാന്റെ സാന്നിദ്ധ്യവുമുണ്ട്. ഗണപതിഹോമം പ്രാധാന്യം അർഹിക്കുന്ന വഴിപാടുകൂടിയാണ്.