സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കേസ്: സ്ഥലത്തില്ലാത്തവരെ പ്രതിയാക്കിയെന്ന് യു.ഡി.എസ്.എഫ്

Saturday 09 August 2025 10:38 PM IST

സി.സി ടി.വി ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് നേതാക്കൾ

കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം നടക്കുമ്പോൾ സ്ഥലത്തിലായിരുന്ന എ.എസ്.എഫ്, കെ.എസ്.യു നേതാക്കൾക്കെതിരേ വധശ്രമ കേസെടുത്തുവെന്ന് സി.സി.ടി.വി ദൃശ്യം സഹിതം ആരോപണമുന്നയിച്ച് നേതാക്കൾ. ഒന്നാംപ്രതിയായ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാടും നാലാം പ്രതിയായ എം.എസ്.എഫ് പ്രവർത്തകൻ സഫ്വാൻ കടൂരും സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നാണ് യു.ഡി.എസ്.എഫ് വാദം.

ഹരികൃഷ്ണൻ കോളയാട് പള്ളിയിൽ ഒരു കല്ല്യാണത്തിന് പങ്കെടുക്കുന്ന ഫോട്ടോയും സഫ്വാൻ മയ്യിലിലെ ഒരു പെട്രോൾ പമ്പിൽ നിന്ന് വാഹനത്തിന് എണ്ണയടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയാണ് നേതാക്കൾ ഇന്നലെ പുറത്ത് വിട്ടത്. ഈ തെളിവുകളുമായി നേതാക്കൾ കണ്ണൂർ എ.സി.പിയെ കാണിക്കുകയും ചെയ്തു. എസ്.എഫ്.ഐ നേതാക്കന്മാരുടെ നിർദേശ പ്രകാരം വധശ്രമത്തിനാണ് കേസെടുത്തതെന്ന് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ആരോപിച്ചു.

സി.പി.എം നിർദ്ദേശമെന്ന് കെ.എസ്.യു

കണ്ണൂർ ടൗൺ പൊലീസ് എസ്.ഐ ശ്രീജിത്ത് കൊടേരി സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് നൽകിയ നിർദേശ പ്രകാരമാണ് കേസെടുത്തത്. സംഭവസമയം സ്ഥലത്തില്ലാത്ത നേതാക്കന്മാരെ എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി ചേർത്തത്. പൊലീസിന്റെ ലാത്തിചാർജിലാണ് എസ്.എഫ്.ഐ നേതാക്കന്മാർക്ക് പരുക്കേറ്റതെന്നും ഫർഹാൻ പറഞ്ഞു. അക്രമത്തിൽ പരുക്കേറ്റ എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകരുടെ പരാതിയിൽ കേസെടുക്കാത്തത് നിയമപരമായി ചോദ്യം ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു.