ഉത്തരാഖണ്ഡ് ദുരിത ബാധിതർക്ക് അഞ്ച് ലക്ഷം സഹായം

Sunday 10 August 2025 3:51 AM IST

ഉത്തരകാശി: മേഘവിസ്ഫോടനത്തെത്തുടർന്ന് തകർന്ന ധരാലി ഗ്രാമത്തിലെ ദുരിതബാധിതർക്ക് അടിയന്തരമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ. പുനരധിവാസ സമിതിയും രൂപീകരിച്ചു. വീടുകൾ ഇല്ലാതായവർക്കും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനും അടിയന്തരമായി അഞ്ച് ലക്ഷം രൂപ നൽകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. ദുരിതബാധിതരായ ഗ്രാമീണരുടെ പുനരധിവാസം, ഉപജീവനമാർഗം വീണ്ടെടുക്കൽ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനാണ് മൂന്നംഗ സമിതി രൂപീകരിച്ചത്. റവന്യൂ സെക്രട്ടറി നേതൃത്വം നൽകുന്ന കമ്മിറ്റി ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.

ദുരിതാശ്വാസ, പുനരധിവാസ നടപടികൾ മുൻഗണനാടിസ്ഥാനത്തിൽ സ്വീകരിച്ചുവരികയാണെന്നും ദുരിതബാധിതരുടെ ക്ഷേമവും പുനരുജ്ജീവനവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും സർക്കാർ ആവർത്തിച്ചു.