ജമ്മു കാശ്‌മീരിൽ ഏറ്റുമുട്ടൽ: 2 സൈനികർക്ക് വീരമൃത്യു

Sunday 10 August 2025 2:51 AM IST

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. രണ്ട് പേർക്ക് പരിക്കേറ്റു. ലാൻസ് നായിക് പ്രിത്പാൽ സിംഗ്, ഹർമിന്ദർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. സൈന്യത്തിന്റെ 15 ചിനാർ കോർപ്‌സിലെ അംഗങ്ങളായിരുന്നു. സൈനികരുടെ ധീരതയും സമർപ്പണവും എന്നും പ്രചോദനമായിരിക്കുമെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ചിനാർ കോർപ്‌സ് എക്‌സിൽ കുറിച്ചു. മേഖലയിൽ ഭീകരർക്കായി നടത്തുന്ന 'ഓപ്പറേഷൻ അഖാലിന്റെ " ഭാഗമായാണ് തെരച്ചിൽ നടന്നത്. മൂന്ന് ഭീകരർ അഖാൽ വനമേഖലയിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടർന്നാണ് നടപടി തുടങ്ങിയത്. ഇതിനിടെ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. 'ഓപ്പറേഷൻ അഖാൽ " ഒമ്പത് ദിവസം പിന്നിട്ടു. പാരാകമാൻഡോകളും സി.ആർ.പി.എഫും ജമ്മു കാശ്മീർ പൊലീസും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. അടുത്ത കാലത്തെ ദൈർഘ്യമേറിയ ഭീകരവിരുദ്ധ ദൗത്യമാണിത്. ഡ്രോണുകളും ഹെലികോപ്റ്ററുകളുമുൾപ്പെടെ ഉപയോഗിച്ചാണ് തെരച്ചിൽ.

രണ്ട് ഭീകരരെ വധിച്ചു. ഇതുവരെ പത്ത് സെനികർക്ക് പരിക്കേറ്റു. പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ച് ദിവസങ്ങൾക്കുശേഷമാണ് ഓപ്പറേഷൻ അഖാൽ ആരംഭിച്ചത്.