ഡൽഹിയിൽ കനത്ത മഴ; ക്ഷേത്ര മതിലിടിഞ്ഞ് ഒരു കുടുംബത്തിലെ എട്ടുപേർ മരിച്ചു

Sunday 10 August 2025 2:53 AM IST

ന്യൂഡൽഹി: കനത്ത മഴ തുടരുന്നതിനിടെ ഡൽഹിയിൽ ക്ഷേത്ര മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ എട്ട് പേർക്ക് ദാരുണാന്ത്യം. ഹരി നഗറിൽ ഷബീബുൽ (30), റബീബുൽ (30), മുത്തു അലി (45), റുബീന (25), ഡോളി (25), ഹഷീബുൽ, റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. കനത്ത മഴയിൽ ക്ഷേത്ര മതിൽ ഇവർ താമസിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ച കുടിലുകളിലേക്ക് വീഴുകയായിരുന്നു.

അരമണിക്കൂറിന് ശേഷമാണ് സംഭവം ആളുകളറിഞ്ഞത്. പൊലീസും എൻ.ഡി.ആർ.എഫും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. എട്ടുപേരെയും സഫ്ദർജംഗിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. ഡൽഹിയിൽ വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പല ഭാഗങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസവുമുണ്ടായി. യമുന നദിയിൽ ജലനിരപ്പ് അപകടനിലയിലെത്തി. വെള്ളിയാഴ്ച 205.33 മീറ്ററായിരുന്ന ജലനിരപ്പ് ഇന്നലെ 204.49 മീറ്ററിലെത്തി.

വിമാനങ്ങൾ വൈകി

കനത്ത മഴയെ തുടർന്ന് ഇന്നലെ ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 300ലേറെ വിമാനങ്ങൾ വൈകി. നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായതിനാൽ യാത്രക്കാർ നേരത്തെ വിമാനത്താവളത്തിലെത്തണമെന്ന് വിമാനക്കമ്പനികൾ നിർദ്ദേശിച്ചു.