പൊലീസിന് നേരെ വീണ്ടും ആക്രമണം; യുവതിയുൾപ്പടെ നാലുപേർ പിടിയിൽ
നെടുമങ്ങാട്: പെട്രോൾ പമ്പിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ഗുണ്ടാസംഘത്തെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ച യുവതിയുൾപ്പടെയുള്ള നാലംഗ സംഘം അറസ്റ്റിൽ. കരകുളം മേലെ കരിമ്പുവിള വീട്ടിൽ നിന്ന് മണ്ണാമൂലയിൽ വാടകയ്ക്ക് താമസിക്കുന്ന അനിത (25),മഞ്ച പേരുമല ദർശന സ്കൂളിന് സമീപം ബിന്ദു ഭവനിൽ ജഗ്ഗു എന്ന് വിളിക്കുന്ന സുജിത് (28),പേരുമല വാട്ടർ ടാങ്കിന് സമീപം ചന്ദ്രമംഗലം വീട്ടിൽ അരവിന്ദ് (27), ഒാലിക്കോണം തടത്തരികത്ത് വീട്ടിൽ അൻവർ (29) എന്നിവരാണ് പിടിയിലായത്. ലഹരി കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവർ. അക്രമത്തിൽ എ.എസ്.ഐ ഷാഫി, സി.പി.ഒ അഭിലാഷ് എന്നിവർക്കാണ് പരിക്കേറ്റത്. പ്രതികളിലൊരാൾ ഓടി രക്ഷപ്പെട്ടു. ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പതിനൊന്നാം കല്ലിലെ പെട്രോൾപമ്പിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.ജീവനക്കാരുടെ പരാതിയെത്തുടർന്ന് പൊലീസെത്തിയപ്പോൾ സംഘം കാറിൽ രക്ഷപെട്ടു. തുടർന്ന് പൊലീസ് പരിശോധനയിൽ സമീപത്തെ നഗരസഭ പാർക്കിംഗ് ഗ്രൗണ്ടിൽ പ്രതികളെ കണ്ടെത്തുകയും കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിൽ രണ്ട് പൊലീസുകാരെ ആക്രമിക്കുകയുമായിരുന്നു. സി.ഐ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പ്രതികൾക്ക് തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ നെടുമങ്ങാട് പൊലീസിനെതിരെ ലഹരി സംഘങ്ങൾ നടത്തുന്ന നാലാമത്തെ ആക്രമണമാണിത്.