ലീഗിനെ പറഞ്ഞാൽ മുസ്ളിം വിരോധമാക്കുന്നു: വെള്ളാപ്പള്ളി
ചങ്ങനാശേരി : ലീഗിനെ പറഞ്ഞാൽ അത് മുസ്ലിം വിരോധമാക്കി മാറ്റുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചങ്ങനാശ്ശേരി യൂണിയന്റെ ശാഖാ നേതൃത്വ സംഗമത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അധികാരം ഉപയോഗിച്ച് ലീഗ് അമിതമായി എല്ലാം കൈയടക്കി. ഈഴവ സമുദായത്തോട് കാണിക്കുന്ന അവഗണനയെക്കുറിച്ചാണ് താൻ പറയുന്നത്. അപ്പോൾ തന്നെ കത്തിക്കാൻ ശ്രമിക്കുകയാണ്. മലപ്പുറത്ത് മാത്രം 11 എയ്ഡഡ് കോളേജുകളും 6 അറബിക് കോളേജുകളും മുസ്ലിംവിഭാഗത്തിനുണ്ട്. മുസ്ളിങ്ങളിലെ സമ്പന്നർ സ്വകാര്യ ട്രസ്റ്റുകൾ ഉണ്ടാക്കിയാണ് കോളേജുകൾ വാങ്ങിച്ചെടുക്കുന്നത്. ലീഗ് അധികാരത്തിൽ എത്തുമ്പോൾ വിദ്യാഭ്യാസവും വ്യവസായവും ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നു. മുസ്ലിം രാഷ്ട്രത്തിനായി വാദിക്കുന്ന തീവ്രവാദികൾ മലപ്പുറത്തുണ്ടെന്നത് സത്യമാണ്. ലീഗിന്റേത് മതേതര പൊയ്‌മുഖമാണ്. മതേതരം പറയുന്ന ലീഗിന് എന്താണ് മറ്റ് സമുദായത്തിൽ നിന്ന് ഒരു മന്ത്രിയുണ്ടാവാത്തത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പേരുമാത്രം നോക്കിയാൽ അവരുടെ വർഗീയത മനസിലാകും. ലീഗിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. കേരളത്തിൽ ഇന്ന് ഒറ്റയ്ക്ക് മത്സരിച്ചാൽ ജയിക്കാൻ കഴിയുന്നത് ലീഗിനും സി.പി.എമ്മിനും മാത്രമാണ്. ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള കഴിവ് ലീഗിനുണ്ട്. കോൺഗ്രസ് ഛിന്നഭിന്നമായി. സത്യം പറയുന്നതിന്റെ പേരിൽ എന്തുവന്നാലും അത് സഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകി. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് സ്വാഗതവും സെക്രട്ടറി സുരേഷ് പരമേശ്വരൻ നന്ദിയും പറഞ്ഞു.