കാപ്പ ലംഘിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ
Sunday 10 August 2025 1:02 AM IST
കോവളം : കാപ്പ ഉത്തരവ് ലംഘിച്ച് അക്രമം നടത്തിയ രണ്ട് യുവാക്കളെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തു. വെളളാർ കൈതവിള കോളനിയിൽ ജിത്തുലാൽ(26), പുഞ്ചക്കരി മുട്ടളക്കുഴി ലക്ഷം വീട്ടിൽ അമ്പു(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിരവധി അടിപിടി അക്രമ കേസുകളിൽപ്പെട്ടയാണ് ജിത്തുലാൽ. ഇതു സംബന്ധിച്ച് തിരുവല്ലം സ്റ്റേഷനിൽ ദിവസവും ഹാജരാകണമെന്ന് വ്യവസ്ഥയുമിരിക്കെ വ്യാഴാഴ്ച രാത്രി മുക്കോലയിൽ യുവാവുമായി ഏറ്റുമുട്ടിയിരുന്നു. ഈ സംഭവത്തിൽ തിരുവല്ലം പൊലീസ് കേസെടുത്തിരുന്നു.
കഞ്ചാവുമായി പിടികൂടിയ കേസിൽപ്പെട്ടയാളാണ് മുട്ടളക്കുഴി സ്വദേശി അമ്പു. സമൂഹത്തിന് പൊതുശല്യമായ രീതിയിലുളള പ്രവർത്തനങ്ങളെ തുടർന്നാണ് അമ്പുവിനെയും അറസ്റ്റുചെയ്തത്.