കെ.എസ്.ആർ.ടി.സി സമ്പൂർണ ഡിജിറ്റൽ ഷെഡ്യൂളിംഗിലേക്ക്:ഗണേശ് കുമാർ
കൊച്ചി: ബസുകളുടെ നിലവാരം മെച്ചപ്പെടുത്തി സമ്പൂർണ ഡിജിറ്റലൈസേഷനിലൂടെ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കുമെന്ന് മന്ത്രി കെ.ബി. ഗണേശ് കുമാർ . എറണാകുളം ബോട്ടുജെട്ടിയിൽ നിർമ്മിച്ച ജലഗതാഗത വകുപ്പിന്റെ റീജിയണൽ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.എല്ലാ ഓഫീസുകളും ഡിജിറ്റലൈസ് ചെയ്യുകയാണ്.
അഴിമതി പൂർണമായും തുടച്ചുമാറ്റും. ആവശ്യമായ സമയത്തുമാത്രം സർവീസ് നടത്തുന്നതിന് എ.ഐ സാങ്കേതികവിദ്യയോടുകൂടിയ ഡിജിറ്റൽ ഷെഡ്യൂളിംഗ് കൊണ്ടുവരും. മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന വരുമാനം 7.5കോടിരൂപയാണ്. അത് 8.5കോടിയിലേക്ക് എത്തിയാൽ 16ലക്ഷംരൂപ ലാഭത്തിലാകും. പുതിയ മിനി ബസുകൾ ഉൾപ്പെടെ കൂടുതൽ യാത്രാസുഖമുള്ള വാഹനങ്ങൾ നിരത്തിലിറക്കുന്ന ഫ്ളീറ്റ് നവീകരണം 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 22ന് പുതിയ ബസുകളുടെ എക്സിബിഷൻ തിരുവനന്തപുരത്ത് ഒരുക്കിയിട്ടുണ്ട്.
സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നഗരങ്ങളിൽ 5 മിനിറ്റും ഗ്രാമങ്ങളിൽ 10മിനിറ്റും ഇടവേള നിശ്ചയിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ് രണ്ട് ദിവസത്തിനുള്ളിൽ ഇറക്കുമെന്നും മന്ത്രി അറിയിച്ചു . ചടങ്ങിൽ .ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി.