മാള സഹകരണ ബാങ്കിൽ പത്ത് കോടിയുടെ ക്രമക്കേട്: ഭരണസമിതി അംഗങ്ങൾക്കെതിരെ കേസ്

Sunday 10 August 2025 1:51 AM IST

മാള : മാള സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റിനും ഡയറക്ടർ ബോർഡിലെ 20 മെമ്പർമാർക്കുമെതിരെ മാള പൊലീസിൽ കേസ്. ബാങ്കിലെ മുൻ പ്രസിഡന്റായ കുരുവിലശേരി വലിയപറമ്പ് അതിയാരത്ത് വീട്ടിൽ എ.ആർ.രാധാകൃഷ്ണൻ, ഡയറക്ടർ ബോർഡിലെ 21 മെമ്പർമാരായിരുന്ന അബ്ദുള്ളക്കുട്ടി, ബിന്ദു പ്രദീപ്, ജയ്‌സൺ വർഗീസ്, ജിമ്മി ജോയ്, ജോഷി പെരേപ്പാടൻ, കൃഷ്ണൻകുട്ടി, നിയാസ്, പി.സി.ഗോപി, പി.കെ.ഗോപി, പോൾസൺ ഓളാട്ടുപുറം, പ്രീജ ഉണ്ണികൃഷ്ണൻ, ഷിന്റോ എടാട്ടുകാരൻ, സിന്ധു അശോകൻ, തോമസ് പഞ്ഞിക്കാരൻ, വിജയ കുറുപ്പ്, വിത്സൻ കാഞ്ഞൂത്തറ, ബൈജു വാണിയംപള്ളി, ജോർജ്.പി.ഐ, ജോയ്.എം.ജെ, സെൻസൻ എന്നീ 21 പേരെയാണ് പ്രതി പട്ടികയിൽ ചേർത്തത്.

2006 മുതൽ 2024 വരെ ഭരണസമിതി അംഗങ്ങൾ അധികാര ദുർവിനിയോഗം നടത്തി വഴിയില്ലാത്തതും മറ്റുമായ വില കുറഞ്ഞ നിലങ്ങൾ പണയപ്പെടുത്തി 10.076 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ തട്ടിച്ചെന്നാണ് പരാതി. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നിലവിലുണ്ടായിരുന്നത്. മേഖലയിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് രാധാകൃഷ്ണൻ. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറിന്റെ (ജനറൽ) പരാതിയിൽ മാള പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി.സുരേഷ്, മാള പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി.സജിൻ ശശിയും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.