പരസ്യ മദ്യപാനം:കൊടി സുനിക്കും സംഘത്തിനുമെതിരെ ഒടുവിൽ കേസ്

Sunday 10 August 2025 2:15 AM IST

തലശ്ശേരി: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയും സംഘവും പൊതുസ്ഥലത്ത് മദ്യപിച്ച സംഭവത്തിൽ തലശ്ശേരി ടൗൺ പൊലീസ് കേസെടുത്തു. 15 സി പ്രകാരം പൊതുസ്ഥലത്തെ മദ്യപാനത്തിനാണ് കേസെടുത്തത്. എസ്.ഐ പി.പി.ഷമീലിന്റെ പരാതി പ്രകാരം കഴിഞ്ഞദിവസം രാത്രി 11.54ന് എഫ് .ഐ .ആർ രജിസ്റ്റർ ചെയ്തു. നേരത്തെ സംഭവത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് തലശ്ശേരി പൊലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതികൾക്കൊടുവിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജൂൺ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ തന്നെ പൊലീസ് ശേഖരിച്ചിരുന്നു. അതീവ രഹസ്യമായി നടന്ന മദ്യപാനത്തിന്റെ വിവരങ്ങൾ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ആഭ്യന്തരവകുപ്പ് സംഭവം അതീവ ഗൗരവത്തിലെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു.ലോക്കൽ പൊലീസിനെ അറിയിക്കാതെ പ്രത്യേക അന്വേഷണസംഘം സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. മുഴുവൻ തെളിവുകളും കണ്ടെത്തിയ ശേഷം മൂന്ന് പൊലീസുകാർക്കെതിരെ നടപടി വന്നു. അതുവരെയുള്ള നീക്കങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കാനും നിർദേശമുണ്ടായിരുന്നു.

കൊടി സുനിയുടെ മദ്യപാനം പുറത്തുവന്നതോടെയാണ് പരോളിൽ കഴിയുന്ന കൊടി സുനി എവിടെയാണെന്ന അന്വേഷണം അഭ്യന്തര വകുപ്പ് നടത്തിയത്. ഇതിലാണ് പരോൾ ​വ്യ​വ​സ്ഥ ലം​ഘിച്ചിട്ടുള്ളത് കണ്ടെത്തിയത്.തുടർന്ന് മീ​ന​ങ്ങാ​ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നിന്നും പിടികൂടി. പ​രോ​ൾ കാ​ല​യ​ള​വി​ൽ മീ​ന​ങ്ങാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന വ്യ​വ​സ്ഥ ലം​ഘി​ച്ച​തി​നും കോ​ട​തി നി​ർ​ദേ​ശി​ച്ച സ്ഥ​ല​ത്ത് താ​മസി​ക്കാ​ത്ത​തി​നു​മാ​ണ് അ​റ​സ്റ്റ് നടന്നത്. ഇ​യാ​ൾ സം​സ്ഥാ​നം വി​ട്ട് സ​ഞ്ച​രി​ച്ച​താ​യും സ്പെഷൽ ബ്രാ​ഞ്ച് കണ്ടെത്തിയിരുന്നു. ജൂ​ലായ് 21നാ​ണ് കൊ​ടി സു​നി​ക്ക് 15 ദി​വ​സ​ത്തെ അ​ടി​യ​ന്ത​ര പ​രോ​ൾ അ​നു​വ​ദി​ച്ചത്.