പരിസ്ഥിതിസംരക്ഷണം ജീവിതചര്യയാക്കണം:മുഖ്യമന്ത്രി

Sunday 10 August 2025 2:52 AM IST

തിരുവനന്തപുരം: പരിസ്ഥിതിസംരക്ഷണം ജീവിതചര്യയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ നടപ്പാക്കിയ സീഡ് ബോൾ പദ്ധതിയുടെ ഉദ്ഘാടനവും ഹരിത ബജറ്റ് പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ ആദ്യമായി ഗ്രീൻ ബജറ്റ് അവതരിപ്പിക്കുന്ന നഗരം എന്ന നേട്ടം തിരുവനന്തപുരം സ്വന്തമാക്കി. കോർപ്പറേഷൻ നടപ്പാക്കുന്ന ഓരോ പ്രവർത്തനങ്ങളും കാർബൺ ബഹിർഗമനം പരിമിതപ്പെടുത്താൻ സാധിക്കും. അതിനുവേണ്ട കാര്യങ്ങൾ, അവയുടെ നേട്ടങ്ങളെന്നിവയെല്ലാം ഗ്രീൻ ബജറ്റിലൂടെ വ്യക്തമാക്കും. മറ്റ് തദ്ദേശസ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്നതാണിത്. 2050ഓടെ കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. അതിന്റെ തുടർച്ചയാണ് കോർപ്പറേഷന്റെ പദ്ധതികൾ. തിരുവനന്തപുരത്തെ സോളാർ നഗരമാക്കാനുള്ള പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. അതിവേഗം വികസിക്കുന്ന നഗരങ്ങളിലൊന്നാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായി. ഡെപ്യുട്ടി മേയർ പി കെ രാജു, സ്ഥിരം സമിതി അധ്യക്ഷരായ ക്ലൈനസ് റൊസാരിയോ, ഗായത്രി ബാബു, മേടയിൽ വിക്രമൻ, സി എസ് സുജാദേവി, ഷാജിദ നാസർ, ആർ.സുരകുമാരി, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ അനിൽ, യുഡിഎഫ് പാർലമെന്ററി പാർടി നേതാവ് പി പത്മകുമാർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷീജ ഗോപിനാഥ്, എച്ച്.എൽ.എൽ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഡോ. പി എച്ച് നിരീഷ്, കോർപ്പറേഷൻ സെക്രട്ടറി എസ് ജഹാംഗീർ എന്നിവർ സംസാരിച്ചു.