പക്ഷികളുടെ പാട്ട് കേൾക്കൂ !

Sunday 10 August 2025 7:34 AM IST

ന്യൂയോർക്ക് : തിരക്കേറിയ ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ മനുഷ്യർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് മാനസിക സമ്മർദ്ദം. യോഗ,​ ഇഷ്ടമുള്ള ഹോബികളിൽ മുഴുകുക തുടങ്ങിയ വഴികൾ സമ്മർദ്ദത്തെ ചെറുക്കാനുള്ള മാർഗ്ഗങ്ങളായി വിദഗ്ദ്ധർ പറയുന്നു. അതേ സമയം, ഇതിനൊരു പ്രതിനിധി പ്രകൃതിയിൽ തന്നെയുണ്ടെന്ന് ഗവേഷകർ പറയുന്നു. പക്ഷികളുടെ മനോഹരമായ സംഗീതം ആണത്. മാനസിക പിരിമുറുക്കങ്ങളെയും ഉത്കണ്ഠയേയും മറികടക്കാൻ പക്ഷികളുടെ ശബ്ദം കേൾക്കുന്നത് മനുഷ്യനെ സഹായിക്കുമത്രെ. ഒരുകൂട്ടം ജർമ്മൻ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. നഗരങ്ങളിലെ ട്രാഫികിന്റെ ശബ്ദങ്ങളും പ്രകൃതിദത്തമായ പക്ഷികളുടെ ശബ്ദങ്ങളും മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നവെന്ന് ഗവേഷകർ വിലയിരുത്തിയിരുന്നു. ഇതിൽ തന്നെ ഈ ശബ്ദങ്ങളുടെ തീവ്രതയേയും പഠന വിധേയമാക്കി. പഠനത്തിൽ പങ്കെടുത്തവരെ ഉയർന്ന ട്രാഫിക് ശബ്ദം, താഴ്ന്ന ട്രാഫിക് ശബ്ദം, പക്ഷിയുടെ ഉയർന്ന ശബ്ദം, പക്ഷിയുടെ താഴ്ന്ന ശബ്ദം എന്നിങ്ങനെ നാല് വിഭാഗങ്ങളിൽ ഒരെണ്ണം ആറ് മിനിറ്റ് കേൾപ്പിക്കുകയും അതിന് മുമ്പും ശേഷവും ചില സൈക്കോളജിക്കൽ ടാസ്കുകൾക്കും സർവേകൾക്കും വിധേയമാക്കുകയും ചെയ്തതിലൂടെയാണ് പക്ഷികളുടെ സംഗീതത്തിന് മനുഷ്യരുടെ മാനസികാവസ്ഥയെ അനുകൂലമായി സ്വാധീനിക്കാനാകുമെന്ന് സ്ഥിരീകരിച്ചത്. ലോകമെമ്പാടും നഗരവത്കരണം വ്യാപകമാണ്. 2050ഓടെ ഭൂമിയിലെ 70 ശതമാനം മനുഷ്യരും നഗരങ്ങളിലാകും ജീവിക്കുകയെന്നാണ് വിലയിരുത്തൽ. ഇതിനിടെ വൈവിദ്ധ്യമാർന്ന നിരവധി പക്ഷി സ്പീഷീസുകൾ ലോകത്ത് നിന്ന് അപ്രത്യക്ഷമായേക്കുമെന്നാണ് ആശങ്ക.