അമ്പേറ്റ് വീഴുന്ന സിംഹങ്ങൾ...

Sunday 10 August 2025 7:34 AM IST

വാഷിംഗ്ടൺ : ഇന്ന് ലോക സിംഹ ദിനം. കാഴ്ചയിൽ അതിഗംഭീരമായ തലയെടുപ്പും പ്രൗഢിയും ഒപ്പം ആർക്കും പിടികൊടുക്കാത്ത സ്വഭാവവുമാണ് കാട്ടിലെ രാജാക്കൻമാരായ സിംഹങ്ങളെ വ്യത്യസ്തമാക്കുന്നത്. സിംഹങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ട്രോഫി ഹണ്ടിംഗ് എന്ന വിനോദം. ഒരു മൃഗത്തിന് ലക്ഷക്കണക്കിന് വില ഉറപ്പിച്ച് വേട്ടയാടുന്ന രീതിയാണിത്. ആഫ്രിക്കയുടെ പലഭാഗങ്ങളിലും ഇത്തരത്തിൽ ട്രോഫി ഹണ്ടിംഗിന് വിലക്കില്ല. സംരക്ഷിത പാർക്കുകളെ കൂടാതെ ട്രോഫി ഹണ്ടിംഗിനായി മാത്രം മൃഗങ്ങളെ വളർത്തുന്ന സ്വകാര്യ പാർക്കുകളുമുണ്ട്.

സിംബാബ്‌വെയിലെ വാഞ്ച് നാഷണൽ പാർക്കിൽ ട്രോഫി ഹണ്ടിംഗിലൂടെ ഇല്ലാതാക്കപ്പെട്ട ഒരു സിംഹമാണ് സെസിൽ. വാംഞ്ച് പാർക്കിലെ രാജാവിനെ പോലെയായിരുന്നു 13 വയസുണ്ടായിരുന്ന സെസിൽ. സെസിലിന്റെ മരണം അന്താരാഷട്രതലത്തിൽ വൻ വിവാദമായിരുന്നു. അതിക്രൂരമായാണ് സെസിൽ കൊല്ലപ്പെട്ടത്. 2015ൽ വാൾട്ടർ ജെ. പാമർ എന്ന അമേരിക്കൻ ദന്ത ഡോക്ടറായിരുന്നു സെസിലിനെ കൊന്നത്.

അധികൃതരിൽ നിന്ന് സിംഹത്തെ കൊല്ലാൻ ലൈസൻസ് എടുത്തിരുന്നതിനാലും പാർക്കിന് പുറത്ത് വച്ച് സെസിലിന് അമ്പേറ്റത് കൊണ്ടും പാമറിന് മേൽ കുറ്റംചുമത്തപ്പെട്ടില്ല. അമ്പേറ്റ് അവശനായ സെസിലിനെ ഏകദേശം 40 മണിക്കൂറുകൾക്ക് ശേഷം വീണ്ടും അമ്പ് ചെയ്യുകയും മരണം സംഭവിക്കുകയുമായിരുന്നു. മരണ ശേഷം സെസിലിന്റെ തോൽ എടുത്ത് ശിരച്ഛേദം ചെയ്തിരുന്നു. സെസിൽ ഒരു ഉദാഹരണം മാത്രം. മനുഷ്യർ നടത്തുന്ന വേട്ടകൾക്കെതിരെ ലോകവ്യാപകമായി പ്രതിഷേധങ്ങൾ ഇന്നും തുടരുന്നു.