'ആദ്യം കേട്ടത് ഒരു ശബ്ദം, പിന്നാലെ വെളുത്ത പ്രകാശം'; മരണത്തിൽ നിന്ന് തിരിച്ചെത്തിയ അനുഭവം പങ്കുവച്ച് യുവതി
ഒട്ടാവ: ഇന്നും ഉത്തരംകിട്ടാത്ത ചോദ്യങ്ങളിൽ ഒന്നാണ് മരണശേഷം ഒരാൾക്ക് എന്ത് സംഭവിക്കുമെന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇതിഹാസ - പുരാണ കഥകൾ പരിശോധിച്ചാൽ അതിലെല്ലാം മരണാനന്തര ജീവിതത്തെയും ആത്മാവ് എന്ന സങ്കല്പത്തെ പറ്റിയും വിവരിച്ചിരിക്കുന്നത് കാണാം. മനുഷ്യന് ഇക്കാര്യത്തിൽ കൗതുകം ഏറെയാണ്. മരണശേഷം മനുഷ്യന്റെ ആത്മാവ് സ്വർഗത്തിലും നരകത്തിലും പോകുന്നതായി ചിലർ വിശ്വസിക്കുന്നു. മരണാനന്തര ജീവിതം സംബന്ധിച്ച് ലോകത്തിന്റെ പലഭാഗത്തും പഠനങ്ങൾ തുടരുന്നുണ്ട്.
ഇപ്പോഴിതാ 'മരണശേഷം' തിരിച്ചുവന്ന ഒരു കനേഡിയൻ നഴ്സ് ജൂലിയ ഇവാൻസിന്റെ അനുഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 2018ലാണ് സംഭവം നടന്നത്. അടുത്തിടെ അവർ ഈ അനുഭവം ഒരു ചാനലിനോട് പങ്കുവച്ചിരുന്നു. ലില്ലിപ്പൂക്കൾ ജൂലിയയ്ക്ക് അലർജി ഉള്ളവയാണ്. ഒരിക്കൽ ജൂലിയ ആശുപത്രിയിൽ ജോലിയ്ക്ക് എത്തിയപ്പോൾ അവർക്ക് തൊണ്ടവേദന അനുഭവപ്പെട്ടു. നഴ്സിംഗ് റൂമിൽ ലില്ലിപ്പൂക്കൾ ഇരിക്കുന്നത് അവർ കണ്ടു. എന്നാൽ അലർജിയുടെ കാര്യം അപ്പോൾ ജൂലിയയ്ക്ക് അറിയില്ലായിരുന്നു.
പിന്നാലെ ജൂലിയയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായി. ഹൃദയമിടിപ്പ് നിലച്ചു. സഹപ്രവർത്തകർ പെട്ടെന്ന് പ്രാഥമിക ചികിത്സനൽകി ഡോക്ടറെ വിവരം അറിയിച്ചു. സഹപ്രവർത്തകർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജൂലിയയ്ക്ക് ഒരു കറുത്ത ശൂന്യതയിലേക്ക് വീഴുന്നതുപോലെ തോന്നി. വർഷങ്ങൾക്ക് മുൻപ് മരിച്ച അവളുടെ അമ്മയുടെ ശബ്ദം കേട്ടു. 'പേടിക്കേണ്ട അമ്മ ഇവിടെയുണ്ട്' എന്നായിരുന്നു അതെന്ന് ജൂലിയ പറയുന്നു. പിന്നാലെ ഒരു പ്രകാശം നിറഞ്ഞ പാതയിൽ എത്തി. അവിടെ അവർക്ക് നഷ്ടമായ പ്രിയപ്പെട്ടവർ ഉണ്ടായിരുന്നുവെന്നും ജൂലിയ വിവരിക്കുന്നു. എന്നാൽ പെട്ടെന്ന് ഒരു ഞെട്ടലോടെ തന്റെ ശരീരത്തിലേക്ക് തന്നെ മടങ്ങിയെത്തിയെന്നും അവർ പറയുന്നു. ഈ അനുഭവം ജൂലിയ 'ദി ലില്ലി നഴ്സ്' എന്ന പേരിൽ ഇറക്കിയ പുസ്തകത്തിലും പറയുന്നുണ്ട്.