പശയ്ക്ക് അടിമ; പണം നൽകാതിരുന്ന മുത്തശ്ശിയെ കൊലപ്പെടുത്തി യുവാവ്, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ
മുംബയ്: ലഹരി വാങ്ങാൻ പണം ചോദിച്ചപ്പോൾ വിസമ്മതിച്ച മുത്തശ്ശിയെ ദാരുണമായി കൊലപ്പെടുത്തി ചെറുമകൻ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ പാർലി നഗരത്തിലായിരുന്നു സംഭവം. അർബറാസ് റംസാൻ ഖുറേഷി എന്ന യുവാവിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മുത്തശ്ശി സുബേദ ഖുറേഷിയാണ് മരിച്ചത്. യുവാവ് മാതാപിതാക്കളെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
സുബേദ ഖുറേഷി സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മാതാപിതാക്കളെ അംബാജോഗൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി മുൻപും കുടുംബാംഗങ്ങളോട് പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം നടക്കുന്ന ദിവസവും യുവാവ് പണം ആവശ്യപ്പെട്ടിരുന്നു. കുടുംബാംഗങ്ങൾ യുവാവിന് പണം കൊടുക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് മദ്യപിച്ചെത്തിയ ശേഷമാണ് ഇയാൾ കുടുംബാംഗങ്ങളെ ആക്രമിച്ചത്.
യുവാവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. യുവാവിന് പശ ലഹരിക്കടിമയായിരുന്നു. യുവാക്കളിലും പ്രായപൂർത്തിയാകാത്തവരിലും ഈ പ്രശ്നം കാണാറുണ്ട്. പശകളും പെയിന്റ് തിന്നറുകളും മണപ്പിക്കുമ്പോൾ അവയിൽ അടങ്ങിയിരിക്കുന്ന ഒരു വിഷ വസ്തുവായ ടൂലിൻ തലച്ചോറിലെ കോശങ്ങളിൽ ലയിക്കുകയും ലഹരിക്കടിമയാകുകയും ചെയ്യും. ഇത് സ്ഥിരമാക്കുന്നവരിൽ കേൾവിക്കുറവ്, വൃക്ക,കരൾ തകരാറുകളും നാഡീസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്.