'ഓപ്പറേഷൻ സിന്ദൂർ ഒരു ചെസ്സ് കളി'; പാകിസ്ഥാന് ചെക്ക്‌മേറ്റ്  നൽകി  ഇന്ത്യ  വിജയം  ഉറപ്പാക്കിയെന്ന് കരസേനാ  മേധാവി

Sunday 10 August 2025 3:55 PM IST

ചെന്നെെ: ഓപ്പറേഷൻ സിന്ദൂർ ഒരു ചെസ്സ് കളിയാണെന്ന് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി. ശത്രുക്കളുടെ അടുത്ത നീക്കത്തെക്കുറിച്ച് സെെന്യത്തിന് യാതൊരു ഉറപ്പുമില്ലായിരുന്നുവെന്നും അതിനാൽ ഒരു ചെസ്സ് കളി പോലെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വശത്ത് അവരെ നിരീക്ഷിക്കുകയും മറ്റൊരു വശത്ത് ജീവൻ നഷ്ടപ്പെടാനുള്ള സാദ്ധ്യത കൂടി കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മദ്രാസ് ഐഐടിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉപേന്ദ്ര ദ്വിവേദി.

ചെറിയ സമയത്തിനുള്ളിലാണ് ഇന്ത്യൻ സെെന്യം ഓപ്പറേഷൻ നടപ്പിലാക്കിയത്. ശത്രുക്കളും കരുക്കൾ നീക്കി. പക്ഷേ അവസാനം ചെക്ക്‌മേറ്റ് നൽകി ഇന്ത്യ വിജയം ഉറപ്പാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെെനിക ഏറ്റുമുട്ടലിൽ വിജയിയായി സ്വയം ചിത്രീകരിക്കാനുള്ള പാകിസ്ഥാന്റെ തന്ത്രത്തെയും ഉപേന്ദ്ര ദ്വിവേദി പരിഹസിച്ചു.

'നിങ്ങൾ തോറ്റോ ജയിച്ചോ എന്ന് പാകിസ്ഥാനിയോട് ചോദിച്ചാൽ, എന്റെ മേധാവി ഒരു ഫീൽഡ് മാർഷലായി മാറിയെന്ന് അദ്ദേഹം പറയും. ഞങ്ങൾ ജയിച്ചിരിക്കണം അതുകൊണ്ടാണ് അദ്ദേഹം ഫീൽഡ് മാർഷലായി മാറിയത്'- കരസേന മേധാവി അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്താനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തെ പരാമ‌ർശിച്ച് അദ്ദേഹം പറഞ്ഞു. പഹൽഗാമിൽ ഇക്കഴിഞ്ഞ ഏപ്രിൽ 22ന് ഭീകരാക്രമണത്തിന് ശേഷം ഏപ്രിൽ 23ന് ഉന്നത സെെനികരും രാഷ്ട്രീയ നേതാക്കളും ഒരു യോഗം ചേർന്നു. അതിൽ സായുധ സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം രാഷ്ട്രീയ നേതൃത്വം നൽകിയെന്നും അത് നമ്മുടെ മനോവീര്യം ഉയർത്തിയെന്നും ഉപേന്ദ്ര ദ്വിവേദി കൂട്ടിച്ചേർത്തു.